കോഴിക്കോട്:സത്യസന്ധതയുടെയും ആതിഥ്യമര്യാദയുടെയും മാതൃക നഗരമായ കോഴിക്കോട് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി. യുനെസ്‌കോ സാഹിത്യ നഗരിയായി പ്രഖ്യാപിച്ച ശേഷം നഗരം ആതിഥേയത്വം വഹിക്കുന്ന കൗമാര കലോത്സവം നവംബര്‍ 19 മുതല്‍ 23 വരെ നഗരത്തിലെ 20 വേദികളിലായി നടക്കുമെന്ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സി. മനോജ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടാണ് പ്രധാന വേദി. നവംബര്‍ 19ന് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് സ്റ്റേജിതര മത്സരങ്ങളോടുകൂടി കലോത്സവം ആരംഭിക്കും. 20 മുതല്‍ 23 വരെ സ്റ്റേജ് മത്സരങ്ങള്‍ നടക്കും.
മേളയ്ക്ക് തുടക്കം കുറിച്ച് 20ന് രാവിലെ 8.30ന് മലബാർ ക്രിസ്ത്യൻ കോളജ് എച്ച്,എച്ച്.എസ് ഗ്രൗണ്ടിലെ പ്രധാന വേദിയിൽ പതാക ഉയർത്തും. ജില്ലയിലെ അധ്യാപികമാരുടെ കൂട്ടായ്മ ഒരുക്കുന്ന നൃത്താവിഷ്കാരത്തോടെ ഉദ്ഘാടന പരിപാടിക്ക് തുടക്കമാവും.
മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. സ്വാഗത സംഘം ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. സാഹിത്യകാരൻ ബെന്യാമിൻ മുഖ്യാതിഥിയാവും. മേയർ ബീന ഫിലിപ്പ്, എം.പിമാരായ എം.കെ രാഘവൻ, ഷാഫി പറമ്പിൽ, പി.ടി ഉഷ തുടങ്ങിയവർ പങ്കെടുക്കും.
319 ഇനങ്ങളിലായി 8000 ത്തോളം മത്സരാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. മാന്വല്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി ഈ വര്‍ഷം പുതുതായി ഉള്‍പ്പെടുത്തിയ ആദിവാസി ഗോത്ര കലകളായ ഇരുള നൃത്തം, പാലിയ നൃത്തം, പണിയ നൃത്തം, മംഗലം കളി, മലപുലയ ആട്ടം എന്നീ ഇനങ്ങള്‍ ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വേദിയില്‍ അരങ്ങേറും. കോഴിക്കോട്ടുകാരായ മണ്‍മറഞ്ഞ സാഹിത്യകാരന്‍മാരുടെ പേരുകളാണ് വേദികള്‍ക്ക് നൽകിയിരിക്കുന്നത്. പ്രധാന വേദിയുടെ പന്തലിൻ്റെ കാൽനാട്ടൽ കർമം കഴിഞ്ഞ ദിവസം നടന്നു. പന്തലിൻ്റെ നിർമാണം അവസാന ഘട്ടത്തിലാണ്. കലോത്സവ ലോഗോ നേരത്തെ പ്രകാശനം ചെയ്തിരുന്നു. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ചെയര്‍മാനായും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.മനോജ് കുമാര്‍ ജനറല്‍ കണ്‍വീനറായുമുള്ള 501 അംഗ സംഘാടകസമിതിയാണ് കലോത്സവത്തിന് നേതൃത്വം നല്‍കുന്നത്. മേളയുടെ സുഗമമായ നടത്തിപ്പിന് വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേളയില്‍ പങ്കെടുന്നവര്‍ക്കുള്ള വിഭവസമൃദ്ധമായ ഭക്ഷണം നല്‍കുന്നതിന് ഗവണ്‍മെന്റ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മീഡിയ റൂം, മീഡിയ പവലിയന്‍, വേദികളില്‍ നിന്നും തല്‍സമയ സംപ്രേഷണം ഉള്‍പ്പെടെയുള്ള വിപുലമായ സംവിധാനങ്ങള്‍ സജീകരിക്കുന്നുണ്ട്.
മീഡിയ സെൻ്റർ ഉദ്ഘാടനം 18ന് 3 മണിക്ക് പോൾ കല്ലാനോട് നിർവഹിക്കും. 23 ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം എം.കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി. ഗിരീഷ് കുമാർ, മീഡിയ കമ്മിറ്റി ചെയർമാൻ ഇ.പി മുഹമ്മദ്, കൺവീനർ പി.കെ അബ്ദുൽ സത്താർ, ഡി.ഡി.ഇ ഓഫിസ് സൂപ്രണ്ട് കെ. എൻ ദീപ, റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ. സുധിന, മീഡിയ കമ്മിറ്റി ജോ. കൺവീനർമാരായ പി എം മുഹമ്മദലി, എം.എ സാജിദ്, എൻ.പി.എ കബീർ പങ്കെടുത്തു.
വേദികളുടെ പേര് സാഹിത്യകാരന്മാർക്കുള്ള ആദരവ്.കോഴിക്കോടൻ മണ്ണിൽ സാഹിത്യത്തിൻ്റെ വേരുകൾ പടർത്തിയ എഴുത്തുകാരുടെ പേരുകൾ ആണ് വേദികൾക്ക് നല്കിയത്. വൈക്കം മുഹമ്മദ് ബഷീർ, എ.ശാന്തകുമാർ, എസ് കെ പൊറ്റക്കാട്, പി. വത്സല, യു എ ഖാദർ ,പുനത്തിൽ കുഞ്ഞബ്ദുള്ള, എൻ എൻ കക്കാട്, എം.പി.വീരേന്ദ്രകുമാർ, കെ.ടി.മുഹമ്മദ്, കുഞ്ഞുണ്ണി മാസ്റ്റർ, ഗിരീഷ് പുത്തഞ്ചേരി ,കടത്തനാട്ട് മാധവി അമ്മ, പ്രദീപൻ പാമ്പിരിക്കുന്ന്, എം.എസ്.ബാബുരാജ്, തിക്കോടിയൻ, പി.എം താജ്, കെ എ കൊടുങ്ങല്ലൂർ, ടി എ റസാഖ് തുടങ്ങിയവരുടെ പേരുകളാണ് വേദികൾക്ക് നല്കിയത്.
0 Comments