എം ടി യാത്രയായി . മനസ്സ് ഒരിക്കലും അംഗീകരിക്കാത്ത ഒരു തിരിച്ചു പോക്ക് എങ്കിലും അനിവാര്യമായതല്ലേ എന്നും ആശ്വസിക്കുന്നു. വിട പറയാൻ ആവില്ല . വിട പറഞ്ഞാൽ മനസ്സ് ശൂന്യമായി പോവും . അത്രയ്ക്ക് നിറഞ്ഞു നിൽക്കുകയല്ലേ . അക്ഷരങ്ങളെയും, തിരശീലയിലെ വിസ്മയമായും ...
ഇതൊക്കെയാണെകിലും എം ടി തന്റെ ഒരു ചലച്ചിത്രത്തിന് വേണ്ടി പാട്ടുകൾ എഴുതിയിട്ടുണ്ട് എന്നത് പലർക്കും അറിയാത്തതാണ്. വളർത്തുമൃഗങ്ങൾ എന്ന തന്റെ ചെറുകഥയെ ആധാരമാക്കി അദ്ദേഹം തിരക്കഥയെഴുതിയ സിനിമയിൽ നാല് ഗാനങ്ങൾ രചിച്ചിട്ടുണ്ട് . ഗാനങ്ങൾ എഴുതാൻ ഒട്ടും താല്പര്യമുണ്ടായിരുന്നില്ല എന്നാണ് കേട്ടറിവ് . നിർബന്ധം കാരണം എഴുതി എന്നാണ് അറിവ് ... എന്നാൽ അദ്ദേഹം പാട്ടെഴുത്ത് എന്ന പ്രക്രിയ തുടർന്നിരുന്നെകിൽ എന്ന് അതിലെ ഗാനങ്ങൾ ശ്രദ്ധയോടെ ശ്രവിച്ചാൽ നമുക്ക് ആഗ്രഹം തോന്നും. അത്രയ്ക്ക് സുന്ദരമാണ് അതിലെ ഗാനങ്ങൾ . എംടി യുടെ കൃതികൾ കവിതകളാണെന്നു അനുഭവപ്പെടാറുണ്ട് . മഞ്ഞു പോലുള്ള നോവലുകൾ പ്രത്യേകിച്ചും. കാവ്യഭംഗി നിറഞ്ഞ എഴുത്ത് ... അതുകൊണ്ടു കൂടി വളർത്തുമൃഗങ്ങളിലെ ഗാനങ്ങൾ ആ ഒരു വൈകാരികതയോടെ അനുഭവിക്കാനും കഴിയുന്നു...
വളർത്തുമൃഗങ്ങളിൽ നാല് ഗാനങ്ങൾ ഉണ്ട്. സംഗീതം ചെയ്തത് എം ബി ശ്രീനിവാസൻ .
എസ് ജാനകി പാടിയ " ഒരു മുറിക്കണ്ണാടിയിലൊന്നു നോക്കി ... എന്നെ ഒന്ന് നോക്കി " എന്ന ഗാനം ആണ് ഏറ്റവും മികച്ചതായി തോന്നിയത്. പ്രണയത്തിൽ കുടുങ്ങുന്ന ഏതൊരുവനും, ഏതൊരുവൾക്കും തോന്നാവുന്ന സുഖപ്രദമായ ചില അസ്വാസ്ഥ്യങ്ങൾ..... അതാണ് അവയിലെ ഉള്ളടക്കം. പ്രണയത്തിൽ പെട്ട് പോവുന്ന ആൾക്ക് തന്റെ മുഖം പോലും തിരിച്ചറിയാൻ ആവാത്ത വിധം വിവശത അനുഭവപ്പെടും എന്നാദ്യ വരിയിൽ തന്നെ അദ്ദേഹം പറയുന്നു. പ്രണയമനുഭവിക്കുന്നവൾ , ആ വൈകാരികതയിൽ പ്രസന്നയാവുന്ന ഒരുവൾക്ക് ജീവിതം കൈവരുത്തിത്തന്ന അസുലഭ സൗഭാഗ്യത്തെ തിരിച്ചറിയുമ്പോൾ സ്വയം മറന്നുപോവുന്നതാണ്. ആ പാട്ടിന്റെ വരികളിലൂടെ പോവുമ്പോൾ ഈ ഒരൊറ്റ സിനിമയിലല്ലേ അങ്ങ് എഴുതിയുള്ളൂ എന്ന ദുഃഖം മനസ്സിനെ പൊതിഞ്ഞു പിടിക്കുന്നു..
":ശുഭരാത്രി .. നിങ്ങൾക്ക് നേരുന്നു ശുഭരാത്രി
പുരാണ ശിലയുടെ മൈതാനത്തില്‍ ചുവന്ന ജയപുരിയില്‍
സിന്ധു തടത്തിന്‍ പുരാണ കരയില്‍
എന്നും മേല്‍ക്കൂര എനിക്ക് നല്‍കിയ നീല മാനമേ (2)
നിന്‍റെ കൈവിളക്കൊളി കണ്ടു മയങ്ങാന്‍
അനുമതി തന്ന മനസ്സിന് നന്ദി
ശുഭ രാത്രി ശുഭ രാത്രി
പകലുകള്‍ വെള്ളി പറവകളെങ്ങോ പറന്നകന്നു
തളര്‍ന്ന തന്ത്രികള്‍ രാഗാലാപം കഴിഞ്ഞു തേങ്ങി ...
മുടിയഴിച്ച വേഷക്കാരന്‍ സ്വപ്നം തേടിയുറങ്ങി
അഭയം കാണാതുഴറും പഥികന് കൂട്ടിനിരിക്കും താര സഖികളേ
നിങ്ങള്‍ക്കു നന്ദി
ശുഭ രാത്രി ശുഭ രാത്രി
ഈയെഴുത്തിന് മുൻപിൽ കൈകൂപ്പി തൊഴുത് നിൽക്കാനേ കഴിയൂ .... യേശുദാസ് പാടിയ ഒരു ഗാനം. അതിലെ മറ്റുഗാനങ്ങൾ യേശുദാസ് ആണ് പാടിയിട്ടുള്ളത്.
"കാക്കാലൻ കളിയച്ഛൻ
കണ്ണ് തുറന്നുറങ്ങുന്നു " എന്ന ഗാനം മനുഷ്യജീവിതത്തെയും മരണത്തെയും ഓർമ്മപ്പെടുത്തുന്നു ..
"കരിമറ താഴുമ്പോൾ കാകാലനുണരുമ്പോൾ
ചിരിച്ചവർ കരഞ്ഞവർ
മരിച്ചവർ മടങ്ങുന്നു
കീറമാറാപ്പുകൾക്കുള്ളിൽ
കല്ലറയ്ക്കുള്ളിൽ മറയുന്നു"
എന്ന അവസാന വരിയിൽ എത്തുമ്പോൾ നമ്മൾ മൗനിയായി പോവുന്നു. ജീവിത സത്യത്തെ തിരിച്ചറിയുന്നു...
"കർമ്മത്തിൻ പാതകൾ വീഥികൾ
ദുർഗ്ഗമ വിജനപഥങ്ങൾ "
എന്ന ഗാനവും നമ്മെ പലതും ഓർമ്മപ്പെടുത്തുന്നു. കർമ്മത്തിന്റെ മേഖലകളിൽ തളരാതെ ജീവിച്ചു തീർക്കുന്ന മനുഷ്യജീവികളുടെ പെടാപ്പാടുകൾ ഓർത്തുപോവുകയാണ്...
"ഉയരത്തെ കൂടാരത്തിൽ വർണ്ണവിളക്കിൻ കുഞ്ഞികണ്ണുകൾ
മാനത്തിൻ ഇക്കിളി കൂട്ടും
വെള്ളിവെളിച്ച കതിരിൻ നിഴലുകൾ ...
പ്രകാശധാരകൾ
ക്ഷീരപഥങ്ങൾ തേടി നടക്കും പ്രകാശവാഹിനികൾ"
അവസാനത്തെ ഈ വരികളിലും മനസ്സുടക്കി പോവുകയാണ്...
ശരിക്കും ഈ നാല് ഗാനങ്ങളിലുമായി എഴുതേണ്ടതൊക്കെ എഴുതിട്ടുണ്ട് എംടി ..
അങ്ങ് ജീവിതത്തിൽ നിന്നും യാത്രയായി എന്ന യാഥാർഥ്യം അംഗീകരിക്കാൻ ഇനിയും സമയമെടുക്കും .. കാലമൊടുങ്ങും വരെ അങ്ങയുടെ സൃഷ്ടികൾ ഇവിടെ ഉണ്ടാവും...ജീവിച്ചിരിക്കുന്ന ഞങ്ങൾ മടങ്ങിയാലും ഇനി വരുന്നവർ അതിനെ ഏറ്റെടുക്കും ... എത്ര കാലങ്ങൾ കഴിഞ്ഞാലും എം ടി എന്ന പേർ അനശ്വരമായി തുടരും.....
വിട പറയുന്നില്ല കലാകാരാ ... അതിനൊരിക്കലും മനസ്സനുവദിക്കില്ല ..
വിശ്രമിക്കൂ ... വിശ്രമിക്കൂ ....
----------------------------------------------
എഴുത്ത് : ഗിരീഷ് വർമ്മ ബാലുശ്ശേരി
0 Comments