കോഴിക്കോട്: രണ്ടാമൂഴം സിനിമയാകുമെന്നും മാർച്ചിന് മുന്നെ പ്രഖ്യാപനമുണ്ടാവുമെന്നും അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ എം.ടി വാസുദേവൻനായരുടെ മകൾ അശ്വതി വി. നായർ. പ്രഖ്യാപനം കഴിഞ്ഞ് ഒന്നരവർഷത്തോളം പ്രീപ്രൊഡക്ഷൻ ജോലിയുണ്ടെന്നും അവർ പറഞ്ഞു. കോഴിക്കോട് കെ.എൽ.എഫ് വേദിയിൽ 'മനോരഥങ്ങൾ- എം.ടിയുടെ ദൃശ്യാഖ്യാനങ്ങളിലൂടെ' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അശ്വതി.
പല വൻകിട കമ്പനികളും രണ്ടാമൂഴം സിനിമയാക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും നേരത്തെ പല കാരണങ്ങളാൽ നടക്കാതെ പോവുകയായിരുന്നു. സംവിധായകൻ ശ്രീകുമാർ മേനോനുമായി കരാർ ഒപ്പിട്ടെങ്കിലും നിർമാണം തുടങ്ങുന്നത് നീണ്ടുപോയതോടെ എം.ടി നിയമ നടപടികളിലൂടെ കരാറിൽനിന്ന് പിൻവാങ്ങിയിരുന്നു. ഇത് വലിയ വാർത്തയുമായിരുന്നു. എന്നാൽ സിനിമ തുടങ്ങുമെന്ന എം.ടിയുടെ മകളുടെ പ്രഖ്യാപനത്തെ വലിയ പ്രതീക്ഷയോടെയാണ് സിനിമാ ആരാധകർ നോക്കിക്കാണുന്നത്
സിനിമയ്ക്കാവശ്യമായ എല്ലാ വസ്തുക്കളേക്കുറിച്ചും എം.ടി നേരത്തെതന്നെ എഴുതിവെച്ചിട്ടുണ്ടെന്നും അത് ഒരു സംവിധായകനെ സംബന്ധിച്ച് വലിയ കാര്യമാണെന്നും അശ്വതി പറഞ്ഞു. രണ്ടാമൂഴം സിനിമയായി കാണാൻ അദ്ദേഹം ഒരുപാട് ആഗ്രഹിച്ചിരുന്നു. അത് നടക്കുമെന്ന് തന്നെയാണ് വിശ്വാസം. രണ്ടാമൂഴം സിനിമയാക്കാൻ അദ്ദേഹം എഴുതിവെച്ച കുറച്ച് സ്ക്രിപ്റ്റ് ഇപ്പോഴുമുണ്ട്, അശ്വതി പറഞ്ഞു.
0 Comments