കൊച്ചി :സ്വര്‍ണവില ഇന്നും സര്‍വകാല റെക്കോഡ് ഭേദിച്ചു മുന്നോട്ട്. ഇന്ന് പവന് 97,000 രൂപ കടന്നു. ഒരു പവന് 97,360 രൂപയാണ് വില. പണിക്കൂലിയും, ജിഎസ്ടിയും അടക്കം കണക്കിലെടുത്താൽ ഒരു പവന്‍ വാങ്ങണമെങ്കില്‍ ഇന്ന് ഒരു ലക്ഷത്തിലേറെയാകും.വിപണി വില ഒരു ലക്ഷത്തിലെത്താന്‍ ഇനി വെറും 2640 രൂപ മതി. 94520 രൂപയായിരുന്നു ഇന്നലത്തെ നിരക്ക്. ഒറ്റ ദിവസം കൊണ്ട് 2840 രൂപയാണ് വര്‍ധിച്ചത്. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ പവന് നാളെ ഒരു ലക്ഷം കടന്നേക്കും. ഗ്രാമിന് 12,170 രൂപയാണ് ഇന്നത്തെ വില.
ആഗോളതലത്തില്‍ അരങ്ങേറുന്ന ചില പ്രതിഭാസങ്ങളാണ് സ്വര്‍ണവിലയിലെ കുതിപ്പിന് കാരണം. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഏറ്റവും പുതിയ തിരിച്ചടി. ഈ വര്‍ഷത്തെ അവസാന രണ്ട് നയ യോഗങ്ങളില്‍ യുഎസ് സെൻട്രല്‍ ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ഫെഡറല്‍ റിസർവ് ഗവർണർ മിഷേല്‍ ബോമാൻ കഴിഞ്ഞ ദിവസം പറഞ്ഞത്. യുഎസ് സെൻട്രല്‍ ബാങ്ക് അടുത്ത നയ യോഗം ഒക്ടോബർ 28-29 തീയതികളില്‍ നടത്തും. വർഷത്തിലെ അവസാന സെഷൻ ഡിസംബർ രണ്ടാം വാരത്തില്‍ നടക്കും. കൂടുതല്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന് ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലും സൂചന നല്‍കിയിരുന്നു. പലിശ നിരക്ക് കുറയുന്നത് ഡോളറിനെ ദുര്‍ബലപ്പെടുത്തും. ഒപ്പം സ്വര്‍ണവില കുതിച്ചുയരും.
കരുതല്‍ശേഖരമെന്ന വെല്ലുവിളി.
ഏഷ്യയിലെയും മിഡില്‍ ഈസ്റ്റിലെയും സെൻട്രല്‍ ബാങ്കുകളും സ്വര്‍ണശേഖരം 'റെക്കോര്‍ഡ്' തോതില്‍ വര്‍ധിപ്പിക്കുന്നതും വെല്ലുവിളിയാണ്. ഈ വർഷം ആഗോളതലത്തില്‍ 1,000 മെട്രിക് ടണ്ണിലധികം സ്വർണം വാങ്ങിയെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്ക്. സെൻട്രല്‍ ബാങ്കുകള്‍ വലിയ തോതില്‍ സ്വർണം വാങ്ങുന്നത് വിപണിയിലെ വിതരണം കുറയ്ക്കും. ഇത് നിരക്ക് വര്‍ധനവിന് കാരണമാകും.
പണപ്പെരുപ്പമാണ് മറ്റൊരു ഘടകം. ഗോള്‍ഡ് ഇടിഎഫ് നിക്ഷേപം വര്‍ധിക്കുന്നുവെന്നാണ് കണക്ക്. യുഎസ്-ചൈന വ്യാപാര സംഘര്‍ഷമാണ് മറ്റൊരു പ്രശ്‌നം. സംഘര്‍ഷത്തിന് അയവു വരുന്നുവെന്ന സൂചനകള്‍ ആദ്യം പുറത്തുവന്നെങ്കിലും പിന്നീട് കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കം ഡോളറിനും തിരിച്ചടിയായിരുന്നു. വിപണിയെയും ഇത് സാരമായി ബാധിച്ചു.
വ്യാപാര സംഘർഷങ്ങള്‍ വിതരണ ശൃംഖലകളെ തടസപ്പെടുന്നതിനൊപ്പം സാമ്പത്തിക വളര്‍ച്ചയെ പ്രതിസന്ധിയിലാക്കും. ഇത്തരം സാഹചര്യങ്ങള്‍ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപത്തിനുള്ള പ്രധാന ഓപ്ഷനായി കാണാന്‍ പ്രേരിപ്പിക്കും. തല്‍ഫലമായി, ഇടിഎഫ് നിക്ഷേപം വര്‍ധിക്കുകയും, സ്വര്‍ണവില റോക്കറ്റ് വിട്ട പോലെ കുതിക്കുകയും ചെയ്യും.
കരാര്‍ പ്രാബല്യത്തിലായാലും അത് താല്‍ക്കാലികം മാത്രമാകുമെന്നാണ് പുതിയ സൂചന. ഹമാസ് നിരായുധരായില്ലെങ്കില്‍ ഇസ്രായേല്‍ സൈന്യം തിരിച്ചെത്തുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ മുന്നറിയിപ്പ്. റഷ്യ-യുക്രൈന്‍ സംഘര്‍ഷവും കൂടുതല്‍ ശക്തമാവുകയാണ്. ഇത്തരം സംഭവവികാസങ്ങളാണ് സ്വര്‍ണവിലക്കുതിപ്പിന് ഉത്തേജനം പകരുന്നത്.

0 Comments