തിരുവനന്തപുരം: അടിയന്തര സാഹചര്യങ്ങളിൽ രക്തത്തിനായി നെട്ടോട്ടമോടുന്നവരുടെ ദുരിതത്തിന് അറുതി വരുത്താൻ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ. സംസ്ഥാനത്തെ എല്ലാ സർക്കാർ രക്തബാങ്കുകളിൽ നിന്നുമുള്ള വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുന്ന ആപ്ലിക്കേഷൻ ഉടൻ സജ്ജമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.‘ബ്ലഡ്ബാങ്ക് ട്രെയ്‌സബിലിറ്റി ആപ്ലിക്കേഷൻ’ എന്ന കേന്ദ്രീകൃത സോഫ്റ്റ്‍വെയർ പ്ലാറ്റ്ഫോമാണ് തയ്യാറാകുന്നത്.
ആപ്ലിക്കേഷൻ യാഥാർത്ഥ്യമാവുന്നതോടെ കൂട്ടിരിപ്പുകാർക്ക് എവിടെ നിന്നും രക്തബാങ്കുകളിലെ വിവരങ്ങൾ ലഭ്യമാകും. സംസ്ഥാനത്തെ സ്വകാര്യ രക്തബാങ്കുകളെയും ഈ സോഫ്റ്റ്വെയറിന്റെ ഭാഗമാക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. സ്വകാര്യ രക്തബാങ്കുകൾ കൂടി രജിസ്റ്റർ ചെയ്യുന്നതോടെ സംസ്ഥാനത്ത് ലഭ്യമായ ഓരോ തുള്ളി രക്തത്തെ കുറിച്ചുമുള്ള വിവരങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാവും. അടിയന്തരമായി ചികിത്സ വേണ്ട രോഗികൾക്ക് ഉടനടി രക്തം ലഭ്യമാക്കാനും നമുക്ക് സാധിക്കും.
രോഗിക്കായി രക്തം അന്വേഷിച്ചുള്ള അലച്ചിലുകളിൽ നിന്നും കൂട്ടിരിപ്പുകാർക്ക് ഇതുവഴി ഒരു മോചനം സാധ്യമാവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നൂറു ശതമാനം സന്നദ്ധ രക്തദാനം നടക്കുന്ന ഒരു നാടായി നമ്മുടെ നാടിനെ മാറ്റിത്തീർക്കേണ്ടതുണ്ട്. ആ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് രക്തബാങ്കുകളെ ബന്ധിപ്പിച്ചുള്ള ബ്ലഡ്ബാങ്ക് ട്രെയ്‌സബിലിറ്റി പ്രോജക്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു."
0 Comments