കോഴിക്കോട്: ജില്ലയിൽ മഞ്ഞപ്പിത്തത്തിനൊപ്പം എലിപ്പനി, ഡെങ്കിപ്പനി എന്നിവയും പടരുന്നു. നാലു ക്ലസ്റ്ററുകളിലായി 165 പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. എലിപ്പനി, ഡെങ്കിപ്പനി എന്നിവ ബാധിച്ച് ദിവസവും ഗുരുതരാവസ്ഥയിൽ നാലും അഞ്ചും പേരെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.എലിപ്പനി ബാധിച്ച് ഗുരുരതരാവസ്ഥയിൽ 4 പേർ മെഡിക്കൽ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മഞ്ഞപ്പിത്തത്തിനൊപ്പം ഡെങ്കിപ്പനിയും പിടിപെട്ട് 4 പേരും ചികിത്സയിലുണ്ട്.
കിഴക്കോത്ത്, കുണ്ടുതോട്, മരുതോങ്കര, വാണിമേൽ എന്നിവിടങ്ങളിലാണ് മഞ്ഞപ്പിത്തം കൂടുതലായി ബാധിച്ചവരുള്ളത്. ഇതിൽ കിഴക്കോത്ത് (90), കുണ്ടുതോട്, മരുതോങ്കര (60), വാണിമേൽ (15) എന്നിങ്ങനെയാണ് മഞ്ഞപ്പിത്തം പിടിപെട്ടവരുടെ കണക്ക്. കിഴക്കോത്ത് പഞ്ചായത്തിലെ ശുദ്ധജല പദ്ധതിയിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചവർക്കും കുണ്ടുതോട്, വാണിമേൽ, മരുതോങ്കര, കാവിലുംപാറ എന്നിവിടങ്ങളിൽ വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്തവർക്കുമാണ് രോഗം പിടിപെട്ടത്.
മഞ്ഞപ്പിത്തം: അറിയാം പ്രതിരോധിക്കാം
ജലജന്യ രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് ഹെപ്പറ്റൈറ്റിസ് എ. രോഗാണുക്കളാൽ മലിനമായ ആഹാരവും കുടിവെള്ളവും വഴിയാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത് ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദി തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിലും കണ്ണിലും ശരീരത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടാം. സാധാരണയായി രോഗലക്ഷണങ്ങൾ പ്രകടമാകാൻ 2 മുതൽ 6 ആഴ്ച വരെ എടുക്കും. രോഗലക്ഷണങ്ങൾ ഉള്ളവർ ശാസ്ത്രീയ ചികിത്സാ രീതികൾ സ്വീകരിക്കണം.
പ്രതിരോധ മാർഗങ്ങൾ
നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഒരിക്കലും തിളച്ച വെള്ളത്തിൽ പച്ചവെള്ളം ചേർത്തു കുടിക്കരുത്. പുറത്തു പോകുമ്പോൾ കയ്യിൽ ശുദ്ധമായ വെള്ളം കരുതുക. ആഹാരസാധനങ്ങൾ ചൂടോടെ പാകം ചെയ്ത് കഴിക്കുക. പഴകിയ ഭക്ഷണം കഴിക്കരുത്. പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയ ശേഷം ഉപയോഗിക്കുക. ഈച്ച കടക്കാതെ ആഹാരസാധനങ്ങൾ അടച്ചു സൂക്ഷിക്കുക. കല്യാണങ്ങൾക്കും മറ്റു ചടങ്ങുകൾക്കും വെൽകം ഡ്രിങ്ക് ഉണ്ടാക്കുകയാണെങ്കിൽ തിളപ്പിച്ചു തണുപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക. ആഹാരത്തിനു മുൻപും ശുചിമുറി ഉപയോഗിച്ച ശേഷവും രോഗീപരിചരണത്തിനു ശേഷവും സോപ്പു ഉപയോഗിച്ച് കൈ കഴുകുക. കിണർ ജലം മലിനമാകാതെ സൂക്ഷിക്കുക. ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുക.
0 Comments