തിരുവനന്തപുരം ∙ മുടക്കമില്ലാതെ വൈദ്യുതി ലഭ്യമാക്കി ഉപയോക്താക്കളുടെ സംതൃപ്തി വർധിപ്പിക്കുന്നതുൾപ്പെടെ ലക്ഷ്യമിട്ട് കെഎസ്ഇബി ‘സ്മാർട് സെക്‌ഷൻ’ പദ്ധതി നടപ്പാക്കും. പരീക്ഷണാടിസ്ഥാനത്തിൽ, സംസ്ഥാനത്തെ തിരഞ്ഞെടുത്ത സെക്‌ഷൻ ഓഫിസുകളെ സ്മാർട് നിലവാരത്തിലെത്തിക്കും. ഇതിനായി വിതരണ വിഭാഗം ഡയറക്ടറുടെ നേതൃത്വത്തിൽ തയാറാക്കിയ നിർദേശങ്ങൾ ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ചെയ്തു. ജീവനക്കാർ നിർദേശിച്ച മാറ്റങ്ങൾ കൂടി ഉൾപ്പെടുത്തി ബോർഡ് ഓഫ് ഡയറക്ടേഴ്സിനു കൈമാറും. നിലവിൽ അറ്റകുറ്റപ്പണികൾക്കായി ഫീഡർ ഓഫ് ചെയ്യുമ്പോൾ അതിനു കീഴിലെ മുഴുവൻ ഉപയോക്താക്കൾക്കും വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പോലുള്ള പ്രധാന നഗരങ്ങളിൽ റിങ് മെയിൻ യൂണിറ്റ് (ആർഎംയു) സംവിധാനം ഉപയോഗിച്ച് വ്യത്യസ്ത ഫീഡറുകളെ ബന്ധിപ്പിച്ചു മുടക്കമില്ലാത്ത വൈദ്യുതി ലഭ്യമാക്കുന്നുണ്ട്.
ഇതേ മാതൃകയിൽ കൂടുതൽ സെക്‌ഷൻ ഓഫിസുകളിൽ ആർഎംയു സ്ഥാപിക്കുകയും അതോടൊപ്പം സിംഗിൾ ഫീഡർ കണക്‌ഷനുള്ള പ്രദേശങ്ങളിൽ 2 ഫീഡറുകളെ ബന്ധിപ്പിക്കുന്ന ലൈൻ ബന്ധിപ്പിക്കുകയും ചെയ്യുന്നതുൾപ്പെടെ ചെലവേറിയ ജോലികൾ ഇതിനായി ചെയ്യേണ്ടി വരും. സംസ്ഥാനത്തെ 776 സെക്‌ഷൻ ഓഫിസുകളിലും ഇതു നടപ്പാക്കാൻ വലിയ ചെലവുണ്ടാകുമെന്നതിനാൽ ജില്ലകളിൽ തിരഞ്ഞെടുത്ത സെക്‌ഷനുകളിലാകും ആദ്യഘട്ടത്തിൽ നടപ്പാക്കുക. ഉപയോക്താക്കളുടെ എണ്ണം കൂടിയതും ഭൂമിശാസ്ത്രപരമായി വലിയ പ്രദേശം ഉൾക്കൊള്ളുന്നതുമായ സെക്‌ഷനുകളെ ആദ്യഘട്ടത്തിൽ സ്മാർട് സെക്‌ഷൻ ആക്കണമെന്നു ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു.
> മറ്റു മാറ്റങ്ങൾ
സ്മാർട് സെക്‌ഷൻ ഓഫിസുകളിൽ വിപുലമായ കസ്റ്റമർ കെയർ സംവിധാനം നിലവിൽ വരും. ഉപയോക്താക്കളോടു സൗഹാർദപൂർവം ഇടപെടാൻ ജീവനക്കാർക്കു പരിശീലനം നൽകും. ഫീൽഡിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ യൂണിഫോമിൽ കെഎസ്ഇബിയുടെ ലോഗോ പതിക്കും. സ്മാർട് സെക്‌ഷനുകളിൽ വൈദ്യുതി അപകടങ്ങളുടെ എണ്ണം പൂജ്യത്തിലെത്തിക്കും. ഇതിനായി അപകടം ഒഴിവാക്കാനുള്ള മാർഗനിർദേശങ്ങൾ ജീവനക്കാർ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മിന്നൽ പരിശോധനകളും സ്ഥിരം സംവിധാനങ്ങളും ഏർപ്പെടുത്തും. ജീവനക്കാർക്കു കൂടുതൽ ബോധവൽക്കരണം നൽകും.
0 Comments