സംസ്ഥാനത്തെ പ്ലസ്‌ വൺ ക്ലാസുകളിലേക്ക്‌ പ്രവേശനം നേടിയത്‌ ആകെ 3,48,906 വിദ്യാർഥികൾ.



തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ്‌ വൺ ക്ലാസുകളിലേക്ക്‌ പ്രവേശനം നേടിയത്‌ ആകെ 3,48,906 വിദ്യാർഥികൾ. 93,634 സീറ്റുകളിലാണ്‌ ആകെ ഒഴിവ്‌ രേഖപ്പെടുത്തുയിരിക്കുന്നത്‌. പ്ലസ്‌ വൺ സീറ്റുകൾ കുറവാണെന്ന്‌ ആരോപണമുയർന്ന മലപ്പുറം ജില്ലയിൽ 16,757 സീറ്റുകൾ ഒഴിഞ്ഞ്‌ കിടക്കുന്നു. ജില്ലയിൽ ആകെ 62,119 വിദ്യാർഥികളാണ് പ്രവേശനം നേടിയത്.

സംസ്ഥാനത്ത്‌ മെറിറ്റിൽ 2,68,584 വിദ്യാർഥികളാണ്‌ പ്രവേശനം നേടിയത്‌. 4,834 വിദ്യാർഥികൾ സ്‌പോർട്‌സ്‌ ക്വാട്ടയിലും 20,991 പേർ കമ്മ്യൂണിറ്റി ക്വാട്ട വഴിയും 34,897 പേർ മാനേജ്മെന്റ് ക്വാട്ടയിലും പ്രവേശനം നേടി. അൺ എയിഡഡ്‌, മോഡൽ റസിഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണം യഥാക്രമം 18,490, 1,110 എന്നിങ്ങനെയാണ്‌. 82,896 വിദ്യാർഥികളാണ്‌ അലോട്ട്മെന്റ് നൽകിയിട്ടും പ്രവേശനം നേടാത്തവർ.

ഒഴിവ്‌ വന്ന 93,634 സീറ്റുകളിൽ 58,061ഉം മെറിറ്റ്‌ സീറ്റുകളാണ്‌. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 418 സീറ്റും ഒഴിഞ്ഞ്‌ കിടക്കുന്നു. 35,155 സീറ്റുകളാണ്‌ അൺ എയിഡഡിൽ ഒഴിഞ്ഞ്‌ കിടക്കുന്നത്‌. അൺ എയിഡഡ് സീറ്റുകൾ ഒഴിവാക്കിയാൽ 58,479 സീറ്റുകളാണ്‌ സംസ്ഥാനത്ത്‌ പ്ലസ്‌ വണിൽ ഒഴിഞ്ഞു കിടക്കുന്നത്‌. അപേക്ഷ നൽകിയവരിൽ നാല്‌ സപ്ലിമെന്ററി അലോട്ട്‌മെന്റും സ്‌പോട്ട്‌ അലോട്ട്‌മെന്റും ബാക്കി നിൽക്കെ 47,654 പേർ മാത്രമാണ് സംസ്ഥാനമൊട്ടാകെ പ്രവേശനം നേടാനുള്ളത്‌.

മലപ്പുറത്ത്‌ 16,757 സീറ്റുകളിൽ ഒഴിവ്‌

മലപ്പുറം ജില്ലയിൽ ആകെ 62,119 വിദ്യാർഥികളാണ്‌ പ്ലസ്‌ വൺ ക്ലാസുകളിലേക്ക്‌ പ്രവേശനം നേടിയത്‌. 49,636 വിദ്യാർഥികൾ മെറിറ്റിലും 1,040 പേർ സ്പോർട്സ് ക്വാട്ട വഴിയും 38 പേർ മോഡൽ റസിഡൻഷ്യൽ സ്കൂളിലും 3,479 പേർ കമ്മ്യൂണിറ്റി ക്വാട്ട വഴിയും 4,628 പേർ മാനേജ്മെന്റ് ക്വാട്ടയിലും 3,298 പേർ അൺ എയിഡഡ്‌ സ്‌കൂളിലും പ്രവേശനം നേടി. നാല്‌ സപ്ലിമെന്ററി അലോട്ട്‌മെന്റും സ്‌പോട്ട്‌ അലോട്ട്‌മെന്റും ബാക്കി നിൽക്കെ ജില്ലയിൽ അപേക്ഷ നൽകിയിട്ടും പ്രവേശനം നേടാത്തവരുടെ എണ്ണം 11,438 ആണ്‌.ജില്ലയിൽ ആകെ 16,757 ഒഴിവുകളാണ്‌ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്‌. ഇതിൽ 8,742 മെറിറ്റ്‌ സീറ്റും 12 സീറ്റുകൾ മോഡൽ റസിഡൻഷ്യൽ സ്കൂളിലും അൺ എയിഡഡിൽ 8,003 സീറ്റും ഒഴിഞ്ഞ്‌ കിടക്കുന്നു. അതായത്‌ അൺ എയിഡഡ് സീറ്റുകൾ ഒഴിവാക്കിയാൽ തന്നെ 8,754 സീറ്റുകൾ ജില്ലയിൽ ഒഴിഞ്ഞുകിടപ്പുണ്ട്. മലപ്പുറത്ത്‌ 12,358 വിദ്യാർഥികളാണ്‌ അലോട്ട്മെന്റ് നൽകിയിട്ടും പ്രവേശനം നേടാത്തവർ.

ട്രാൻസ്‌ഫറിന്‌ ജൂലൈ 19 മുതൽ 21 വരെ അപേക്ഷിക്കാം.


പ്രവേശനം നേടിയ വിദ്യാർഥികൾക്ക്‌ കോഴ്‌സുകളിൽ നിന്നുള്ള ട്രാന്‍സ്‌ഫറിന്‌ 2025 ജൂലൈ 19 മുതൽ 21 വരെ അപേക്ഷിക്കാം. അലോട്ട്‌മെൻറിനു ശേഷം ഒഴിവുകൾ പ്രസിദ്ധപ്പെടുത്തി സ്പോട്ട് അഡ്മിഷനുള്ള അവസരവും നൽകുന്നതാണ്.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി


വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലേക്ക്‌ 20,585 പേർ ഒന്നാം ഘട്ട അലോട്ട്മെന്‍റ് വഴി സ്ഥിര പ്രവേശനം നേടി. 7,116 വിദ്യാർഥികൾക്ക്‌ സപ്ലിമെന്‍ററി അലോട്ട്മെന്റും ലഭിച്ചു. 2,959 മെറിറ്റ് സീറ്റുകളിലാണ്‌ ഒഴിവ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

Post a Comment

0 Comments