പാലക്കാട് : പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് അയ്യപ്പൻകാവിനുസമീപം വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരിച്ചു. ഇന്നലെ രാത്രി 11നായിരുന്നു അപകടം. കോഴിക്കോടു ഭാഗത്തേക്കു പോവുകയായിരുന്ന കാറും മണ്ണാർക്കാട്ടുനിന്ന് പാലക്കാട്ടു ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്.
അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്. ഇവരിൽ മൂന്നു പേർ തൽക്ഷണം മരിച്ചു. രണ്ടു പേരെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. കോങ്ങാട് മണ്ണാന്തറ കീഴ്‌മുറി വീട്ടിൽ കെ.കെ. വിജേഷ് (35), മണ്ണാന്തറ തോട്ടത്തിൽ വീട്ടിൽ വിഷ്ണു (29), വീണ്ടപ്പാറ വീണ്ടക്കുന്ന് രമേഷ് (31), മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പിൽ മുഹമ്മദ് അഫ്സൽ (17) എന്നിവരാണ് മരിച്ചത്.
വിജേഷും വിഷ്ണുവും കോങ്ങാട് ടൗണിലെ ഓട്ടോഡ്രൈവർമാരാണ്. മരിച്ച അഞ്ചാമനെ തിരിച്ചറിഞ്ഞിട്ടില്ല. കാർ ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. കനത്ത മഴയിൽ കാർ നിയന്ത്രണം തെറ്റി ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി വിഘ്നേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
0 Comments