അഹമ്മദാബാദ് വിമാനാപകടം; 217 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, 200 മൃതദേഹങ്ങള്‍ വിട്ടുനല്‍കി, മലയാളി രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.








അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച കൂടുതല്‍ യാത്രക്കാരെ തിരിച്ചറിയാനുള്ള നടപടികള്‍ ഊർജിതമായി തുടരുന്നു.ഇതുവരെ 217 മൃതദേഹങ്ങള്‍ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. രണ്ട് പൈലറ്റുമാരുടേതടക്കം 9 ക്യാബിൻ ക്രൂ അംഗങ്ങളുടെ അടക്കം 200 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. തിരിച്ചറിഞ്ഞ മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ഉടൻ കൈമാറും. അതേസമയം, അപകടത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിത ഗോപകുമാറിൻ്റെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

അതിനിടെ, അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയർ ഇന്ത്യ വിമാനത്തിന് തകരാറുകളില്ലായിരുന്നുവെന്ന് എയർ ഇന്ത്യ സിഇഒ ക്യാംപ് ബെല്‍ വില്‍സണ്‍ അറിയിച്ചു. വിമാനത്തില്‍ പരിശോധനകള്‍ കൃത്യ സമയത്ത് നടത്തിയിരുന്നുവെന്ന് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ സിഇഒ ക്യാംപ്ബെല്‍ വിത്സണ്‍ വ്യക്തമാക്കി. തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയച്ചേക്കും എന്ന റിപ്പോർട്ടുകള്‍ക്കിടെ വ്യോമയാന മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. അഹമ്മദാബാദ് വിമാനാപകടം നടന്ന് ഒരാഴ്ചയാകുമ്ബോഴാണ് അപകടത്തില്‍പ്പെട്ട വിമാനത്തിന് തകരാറുകള്‍ ഇല്ലായിരുന്നുവെന്ന് എയർ ഇന്ത്യ സി ഇ ഒ വ്യക്തമാക്കുന്നത്.

സർദാർ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ തകർന്നത്. 270 ഓളെ പേരാണ് ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. പ്രദേശവാസികളും വിമാനം വീണ് തകർന്ന മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാർത്ഥികളും അപകടത്തില്‍ മരിച്ചത് ദുരന്തത്തിന്‍റെ ആഘാതം കൂട്ടി.

Post a Comment

0 Comments