കോഴിക്കോട്: ട്രാൻസ്ജെൻഡർ ജീവിതങ്ങളുടെ കഥകൾ പങ്കുവെച്ച് പാടിയും പറഞ്ഞും കോഴിക്കോട് ഗുദാമിൽ സംഘടിപ്പിച്ച "ദായമ്മക്കൈ" പുസ്തക ചർച്ചയും വായനക്കാരുടെ ഒത്തു ചേരലും ശ്രദ്ധേയമായി.
പ്രാചീനകാലത്തെ ട്രാൻസ്ജെൻഡർ ലിംഗമാറ്റ പ്രക്രിയയുമായി നിലനിന്ന ആചാരങ്ങളെയും, ചടങ്ങുകളെയും, ട്രാൻസ് ജീവിതങ്ങളെയും സംബന്ധിച്ച് നിസാർ ഇൽത്തുമിഷ് രചിച്ച് ഔറ ടേൽസ് പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ അഞ്ചാം പതിപ്പ് ഇപ്പോൾ ലഭ്യമാണ്.
സമീപ കാലത്ത് മലയാളി വായനക്കാർ നെഞ്ചേറ്റിയ ശ്രദ്ധേയമായ രചനയാണിത്.
ട്രാൻസ് സമൂഹത്തോട് നിലനിൽക്കുന്ന മുൻധാരണകളെയും, തെറ്റിധാരണകളെയും കുറിച്ച പൊളിച്ചെഴുത്ത് കൂടിയാണ് ദായമ്മക്കൈ.ഈ പുസ്തകത്തെ മുൻ നിർത്തി നടന്ന ചർച്ചക്ക് ഗ്രന്ഥകാരൻ നിസാർ ഇൽത്തുമിഷ് നേതൃത്വം നൽകി.
പരസ്പരം അറിയാനും സംവദിക്കാനും ഇത്തരം ഒത്തുചേരലുകൾ വലിയ പങ്കു വഹിക്കുമെന്നും, ഇതിന് മുൻ കയ്യെടുത്ത ഗുദാമിനെയും ഇവിടെ നടക്കുന്ന കലാ- സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ബഷീർ ബഡേക്കണ്ടി, റാബിയ ബഷീർ എന്നിവരെയും അങ്ങേയറ്റം ബഹുമാനത്തോടെ അഭിനന്ദിക്കുന്നുവെന്നും ക്ഷണിച്ചതിന് സംഘാടകർക്ക് നന്ദിയറിക്കുന്നുവെന്നും ട്രാൻസ് ആക്റ്റിവിസ്റ്റ്കളായ റാസില, മത്സ്യകന്യക എന്നിവർ അറിയിച്ചു.
പ്രമുഖ ട്രാവൽ ഫോട്ടോഗ്രാഫർ അൻഷദ് ഗുരുവായൂർ അധ്യക്ഷത വഹിച്ച സംഗമത്തിൽ ഗുദാമിൻ്റെ സാരഥി ബഷീർ ബഡേക്കണ്ടി ആശംസകൾ അർപ്പിച്ചു.
പ്രസാധകരായ ഔറ ടേൽസ് പ്രതിനിധികളായ ശ്രുതി, സരുൺ, സരിക,സീനിയർ ജേണലിസ്റ്റ് സുധീർ, ആർട്ടിസ്റ്റ് രവി കോട്ടക്കൽ, സിറ്റി ഹെറിറ്റേജ് ഡയറക്ടർ മുഹമ്മദ് ശിഹാബ് തുടങ്ങിയവർ ചർച്ചകളിൽ സംസാരിച്ചു.
വിദ്യാർത്ഥികൾ, ഗവേഷകർ, പ്രൊഫഷണലുകൾ തുടങ്ങി നിരവധി പേർ ട്രാൻസ് സായാഹ്ന പരിപാടിയിൽ ആദ്യാവസാനം പങ്കെടുത്തു. ഗുദാം ബാൻഡിൻ്റെ നേതൃത്വത്തിൽ നടന്ന സംഗീത ആവിഷ്‌കരങ്ങളും നാല് മണിക്കൂർ നീണ്ട പരിപാടിക്ക് അലങ്കാരമായി.
കോഴിക്കോടിൻ്റെ കലാ സാംസ്കാരിക ചർച്ചകളുടെ പ്രിയ്യപ്പെട്ട ഇടമായി മാറിയ ഗുദാമിൻ്റെ
പത്താം വാർഷികം പ്രമാണിച്ച് സാഹിത്യം പൈതൃകം,കല,ടൂറിസം എന്നീ മേഖലകളെ കേന്ദ്രീകരിച്ച് ഈ വർഷം കൂടുതൽ പരിപാടികൾ ഗുദാമിൽ ഒരുങ്ങുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.
0 Comments