വാട്സാപ്പിൽ പരസ്യങ്ങൾ അവതരിപ്പിക്കുന്ന പുതിയ അപ്ഡേറ്റുമായി മെറ്റ.



വാട്സാപ്പിൽ പരസ്യം ലഭ്യമാക്കി മെറ്റ.വാട്സാപ്പിന്‍റെ സ്റ്റാറ്റസ് ഫീച്ചറിനുള്ളിലാണ് സ്പോൺസേർഡ് പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക.പുതിയ മാറ്റം മോണിറ്റൈസേഷൻ സാധ്യമാക്കാനും പരസ്യത്തിലൂടെ ധന സമ്പാദനത്തിനുള്ള വഴിയും മെറ്റ തുറന്നു നൽകുമെന്നാണ് കരുതുന്നത്.

ഔദ്യോഗിക വാട്സാപ്പ് ബ്ലോഗിലൂടെ തിങ്കളാഴ്ചയാണ് കമ്പനി പുതിയ അപ്ഡേഷനെക്കുറിച്ച് അറിയിച്ചത്. ചാനൽ സബ്സ്ക്രിപ്ഷൻ, പ്രമോട്ടഡ് ചാനലുകൾ, സ്റ്റാറ്റസിനിടയിൽ പരസ്യം എന്നിങ്ങനെ മൂന്ന് അപ്ഡേഷനുകളാണ് അവതരിപ്പിച്ചിട്ടുള്ളത്..

നിലവിൽ വാട്സാപ്പിന് 1.5 ബില്യൺ ഉപയോക്താക്കളാണ് പ്രതിദിനം ഉള്ളത്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഉള്ളതു പോലെ സ്റ്റോറിക്കുള്ളിലായിരിക്കും പരസ്യങ്ങൾ ഉൾപ്പെടുത്തുക. 24 മണിക്കൂർ കഴിയുമ്പോഴേക്കും ഇത് അപ്രത്യക്ഷമാവുകയും ചെയ്യും. സ്വകാര്യ ചാറ്റിലോ ഗ്രൂപ്പ് ചാറ്റിലോ പരസ്യം ഉണ്ടാകില്ലെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്..

പരസ്യത്തിനു പുറമേ ചാനൽ സബ്സ്ക്രിപ്ഷൻ ഫീച്ചറും അവതരിപ്പിക്കുന്നുണ്ട്. ഉപയോക്താക്കൾക്ക് മാസം തോറും നിശ്ചിത തുക നൽകി അവർക്കാവശ്യമുള്ള ചാനലുകൾ സബ്സ്ക്രൈബ് ചെയ്യാം. കണ്ടന്‍റ് വിസിബിളിറ്റി കൂടു ന്നതിന് പ്രമോട്ട് ചെയ്യുന്ന ചാനലുകൾ എക്സ്പ്ലോർ സെക്ഷനിൽ ചേർക്കാൻ കഴിയും..

വാട്സാപ്പ് നൽകുന്ന വിവര പ്രകാരം ഇത്തരം പരസ്യങ്ങൾ ഉപയോക്താവിന്‍റെ ഭാഷ, സ്ഥലം അല്ലെങ്കിൽ രാജ്യം ഫോളോ ചെയ്യുന്ന ചാനലുകൾ തുടങ്ങി പരിമിതമായ വിവരങ്ങൾ മാത്രമേ ഉപയോഗിക്കുകയുള്ളൂ. മെറ്റ അക്കൗണ്ട് സെന്‍ററുമായി വാട്സാപ്പ് ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ഫേസ് ബുക്കും ഇൻസ്റ്റ ഗ്രാമും ഉപയോക്താവിന് ലഭിക്കുന്ന പരസ്യത്തെ സ്വാധീനിക്കും..

എന്നാൽ ഉപയോക്താവിന്‍റെ ഫോൺ നമ്പർ പരസ്യ ദാതാവിന് നൽകില്ലെന്ന് ഉറപ്പു നൽകുന്നുണ്ട്. ഒപ്പം പേഴ്സണൽ മെസേജുകളോ കോളുകളോ ഒന്നും പരസ്യത്തെ സ്വാധീനിക്കുകയില്ല..

വാട്സാപ്പിൽ പരസ്യം കൊണ്ടു വരുന്നതിനായി വർഷങ്ങളായി മെറ്റ ആലോചിക്കുന്നുണ്ട്. ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നായി 160 ബില്യൺ ഡോളറാണ് മെറ്റ പരസ്യം വഴി കഴിഞ്ഞ വർഷം നേടിയത്.

Post a Comment

0 Comments