ആറ് ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റ വീസയില്‍ സന്ദര്‍ശിക്കാം, ഏകീകൃത ടൂറിസ്റ്റ് വീസ യാഥാര്‍ഥ്യമാകുന്നു, കാലാവധി 3 മാസം



റിയാദ്:ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റ വിസയില്‍ സന്ദർശിക്കാൻ അവസരമൊരുക്കി ജി സി സി. സൗദി, യു എ ഇ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ, ഖത്തർ എന്നീ ആറ് രാജ്യങ്ങള്‍ ഒറ്റ വിസയില്‍ സന്ദർശിക്കാൻ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ യാഥാർഥ്യമാകും.3 മാസമായിരിക്കും വിസ കാലാവധിയെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) ജനറല്‍ സെക്രട്ടറി ജാസിം മുഹമ്മദ് അല്‍ബുദയ്‌വി അറിയിച്ചു. രാജ്യങ്ങളിലെ ഇമിഗ്രേഷൻ വിഭാഗങ്ങള്‍ സംയുക്തമായി ഏകീകൃത വിസ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്.

വിഷയത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ നിരന്തരമായ കൂടികാഴ്ചകളാണ് നടക്കുന്നത്. റിയാദില്‍ നടന്ന ജി സി സി രാജ്യങ്ങളുടെ ഇമിഗ്രേഷൻ ഡയറക്ടർ ജനറല്‍മാരുടെ യോഗത്തിലെ പ്രധാന അജണ്ട ഏകീകൃത ടൂറിസ്റ്റ് വിസ ആയിരുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യം ലോകത്തെ അറിയിക്കാൻ ഏകീകൃത ടൂറിസ്റ്റ് വിസ ഉപകരിക്കും. നിക്ഷേപ പദ്ധതികളുടെ വളർച്ചയ്ക്കും നീക്കം കരുത്താകും. ടൂറിസം മേഖല സജീവമാക്കാനും, സൗദിവിഷൻ 2030, യുഎഇവിഷൻ 2071 പദ്ധതികള്‍ക്ക് ഊർജ്ജമാകാനും തീരുമാനം സഹായകരമാകും.

രാജ്യങ്ങളുടെ സാംസ്‌കാരിക, പൈതൃക ആഘോഷങ്ങള്‍ കൂടുതല്‍ ജനകീയമാക്കാൻ കഴിയും എന്നതും പദ്ധതിയുടെ നേട്ടമാണ്. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സമഗ്രതല ബന്ധം ദൃഢമാക്കാൻ പുതിയ ടൂറിസ്റ്റ് വിസ വഴിയൊരുക്കുമെന്നാണ് നിഗമനം. വാണിജ്യ, വ്യവസായ മേഖലകളില്‍ വൻ കുതിച്ച്‌ ചാട്ടവും പ്രതീക്ഷിക്കുന്നുണ്ട്.

Post a Comment

0 Comments