കൊച്ചി: അറബിക്കടലില്‍ കേരള തീരത്തിന് സമീപം തീപിടിച്ച വാന്‍ ഹായ് 503 ചരക്കുകപ്പലിന്റെ വൊയേജ് ഡേറ്റ റെക്കോര്‍ഡര്‍(വിഡിആര്‍) വിവരങ്ങള്‍ വീണ്ടെടുത്തു.കപ്പല്‍ അപകടത്തിന്റെ കാരണം എന്തെന്ന് കണ്ടെത്തുന്നതില്‍ ഈ വിവരങ്ങള്‍ നിര്‍ണായകമാണ്. 8 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സുപ്രധാന ഡേറ്റ പരിശോധിക്കുന്നതോടെ അപകട കാരണം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
ജൂണ്‍ ഒമ്ബതിനായിരുന്നു കണ്ണൂര്‍ അഴിക്കല്‍ തീരത്തു നിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെയായി കപ്പലിന് തീ പിടിച്ചത്. കപ്പലിലെ വോയേജ് ഡേറ്റ റെക്കോര്‍ഡറിലെ വിവരങ്ങള്‍ സാങ്കേതിക പ്രതിസന്ധികള്‍ മൂലം വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. സിംഗപ്പുര്‍ പതാകയുള്ള കപ്പലിന്റെ വിഡിആറിലെ വിവരങ്ങള്‍ കപ്പല്‍ ഉടമകള്‍ മര്‍ക്കന്റൈല്‍ മറീന്‍ വിഭാഗത്തിന് കൈമാറി. കപ്പല്‍ അപകടത്തില്‍പ്പെട്ട സാഹചര്യം, ക്യാപ്റ്റന്‍ നല്‍കിയ നിര്‍ദേശങ്ങള്‍, ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം എന്നിവയുടെ വിവരങ്ങള്‍ ലഭിക്കും.
കപ്പല്‍ നിലവില്‍ നിലവില്‍ ഇന്ത്യയുടെ പ്രത്യേക സാമ്ബത്തിക മേഖലയ്ക്ക് പുറത്തെത്തിച്ചിട്ടുണ്ട്. കപ്പലിന്റെ നിയന്ത്രണാധികാരം പൂര്‍ണമായും ഇന്ത്യ കപ്പല്‍ കമ്ബനിക്ക് കൈമാറിയിട്ടുണ്ട്. ശ്രീലങ്കന്‍ തീരത്ത് അടുപ്പിക്കാനുള്ള ചര്‍ച്ചകള്‍ കപ്പല്‍ കമ്ബനി നടത്തിവരികയാണ്. കപ്പല്‍ ശ്രീലങ്കന്‍ തീരത്ത് അടുപ്പിക്കാനും ശ്രമം തുടങ്ങി. കപ്പല്‍ കമ്ബനി ഇതിനായി ശ്രീലങ്കന്‍ സര്‍ക്കാരുമായി സംസാരിച്ച് വരികയാണ്. ഇന്നര്‍ ഡെക്കിലെ ഉള്‍പ്പെടെ തീ ഏറെക്കുറെ പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടുണ്ട്. എന്‍ജിന്‍ റൂമിലും അറകളിലും വെള്ളം കയറുന്നത് കപ്പല്‍ മുങ്ങുമെന്ന ആശങ്കയുണ്ടാക്കിയിരുന്നു.
0 Comments