ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് ആധാര്‍ നിര്‍ബന്ധം, ആദ്യ 15 മിനിറ്റ് ഇവര്‍ക്ക് മാത്രം അവസരം; പുതിയ വ്യവസ്ഥ ഒക്ടോബര്‍ ഒന്നുമുതല്‍.



ന്യൂഡല്‍ഹി: ഐആര്‍സിടിസി ആപ്പ് മുഖേനയുള്ള ട്രെയിന്‍ റിസര്‍വേഷന്റെ ആദ്യ 15 മിനിറ്റ് സമയം ആധാര്‍ വിവരങ്ങള്‍ നല്‍കിയ ഉപയോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ. ഒരു ട്രെയിനിലേക്കുള്ള ടിക്കറ്റ് റിസര്‍വേഷന്‍ ഓപ്പണായി ഇനി ആദ്യ 15 മിനിറ്റു സമയം ബുക്കിങ് ചെയ്യാനാവുക ആധാറുമായി ബന്ധിപ്പിച്ച ഐആര്‍സിടിസി അക്കൗണ്ടുകള്‍ക്കു മാത്രമായിരിക്കും. സാധാരണക്കാര്‍ക്ക് ടിക്കറ്റ് ലഭ്യത ഉറപ്പാക്കാനും തട്ടിപ്പ് തടയാനും ലക്ഷ്യമിട്ടാണ് പുതിയ വ്യവസ്ഥ.

പുതിയ സൗകര്യം ഒക്ടോബര്‍ ഒന്നിന് നിലവില്‍ വരും. ഇപ്പോള്‍ തത്കാല്‍ ബുക്കിങ്ങില്‍ മാത്രമാണ് ഈ രീതിയുള്ളത്. ആഘോഷക്കാലത്തും മറ്റും ബുക്കിങ് തുടങ്ങുന്ന സമയത്തുതന്നെ ടിക്കറ്റ് തീരാറുണ്ട്. ഇതില്‍ കൃത്രിമം കാണിക്കുന്നതു തടയലാണ് ലക്ഷ്യം.

അതേസമയം ഇന്ത്യന്‍ റെയില്‍വേയുടെ കമ്പ്യൂട്ടറൈസ്ഡ് പിആര്‍എസ് കൗണ്ടറുകളില്‍ ജനറല്‍ റിസര്‍വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള നിലവിലുള്ള ഷെഡ്യൂള്‍ മാറ്റമില്ലാതെ തുടരുന്നു. എന്നിരുന്നാലും, അംഗീകൃത റെയില്‍വേ ടിക്കറ്റിങ് ഏജന്റുമാര്‍ക്ക് ആദ്യ ദിവസത്തെ റിസര്‍വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള നിലവിലെ 10 മിനിറ്റ് നിയന്ത്രണം മാറ്റങ്ങളൊന്നുമില്ലാതെ പ്രാബല്യത്തില്‍ തുടരുമെന്ന് റെയില്‍വേ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

Post a Comment

0 Comments