ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഗൾഫിലെ ഏക ഇന്ത്യൻ വ്യവസായി മലയാളി എം.എ യൂസഫലി; 500 പേരുടെ പട്ടികയിൽ മറ്റ് മലയാളികളില്ല






ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെർഗ്. പട്ടികയില്‍ ഇടം നേടി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. പട്ടികയിലെ ഏക മലയാളിയും ജിസിസിയില്‍ നിന്നുള്ള ഏക ഇന്ത്യന്‍ വ്യവസായിയുമാണ് യൂസഫലി. 6.45 ബില്യൻ ഡോളറിന്റെ ആസ്തിയോടെ 487–ാം സ്ഥാനത്താണ് എം.എ യൂസഫലി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നാലുപേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സൗദി അറേബ്യയിലെ അല്‍വാലിദ് ബിന്‍ തലാല്‍ രാജകുമാരനാണ് അറബ് ലോകത്തെ അതിസമ്പന്നന്‍. 500 പേരുടെ പട്ടികയിൽ മറ്റ് മലയാളികളാരും ഇടംപിടിച്ചിട്ടില്ല. സ്പേസ്എക്സ്, ടെസ്‌ല, എക്സ് തലവൻ ഇലോൺ മസ്കാണ് ലോകസമ്പന്നൻ. 263 ബില്യൻ ഡോളർ ആസ്തിയാണ് മസ്കിനുള്ളത്. 6.73 ബില്യൻ ഡോളറിന്റെ വർധനവ് ഇക്കാലയളവിൽ മസ്ക്കിനുണ്ടായി. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി മെറ്റ മേധാവി മാർക്ക് സക്കർബർഗ് രണ്ടാം സ്ഥാനത്തേക്കെത്തി. 451 കോടി ഡോളറിന്റെ മുന്നേറ്റത്തോടെ 211 ബില്യൺ ഡോളറിന്റെ ആസ്തിയാണ് സക്കർബർഗിന്. മൂന്നാം സ്ഥാനത്തുള്ള ജെഫ് ബെസോസിന് 209 ബില്യൺ ഡോളറിന്റെ ആസ്തിയാണുള്ളത്.
123-ാം സ്ഥാനത്താണ് തലാല്‍ രാജകുമാരന്‍. 17.4 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്‍റെ ആകെ ആസ്തി. സുലൈമാന്‍ അല്‍ ഹബീബ് (11.7 ബില്യണ്‍ ഡോളര്‍), മുഹമ്മദ് അല്‍ അമൗദി (9.22 ബില്യണ്‍ ഡോളര്‍) എന്നിവരും സൗദി അറേബ്യയില്‍ നിന്ന് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. യുഎഇയില്‍ നിന്നുള്ള അബ്ദുള്ള ബിന്‍ അല്‍ ഖുരൈര്‍ (9.28 ബില്യണ്‍ ഡോളര്‍) 298-ാം സ്ഥാനത്തുണ്ട്. മുകേഷ് അംബാനിയാണ് ഇന്ത്യയിൽ നിന്ന് പട്ടികയിൽ മുന്നിലുള്ളത്. 105 ബില്യൺ ഡോളർ ആസ്തിയോടെ 14-ാം സ്ഥാനത്താണ് മുകേഷ് അംബാനി. ലോകത്തെ നൂറ് സമ്പന്നരിൽ യുഎസ്സിൽ നിന്ന് 35 പേരും ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിൽ നിന്ന് 12 പേർ വീതവും.

Post a Comment

0 Comments