മഴയൊഴിഞ്ഞ നേരം ഒക്ടോബർ 9ന് ബുധനാഴ്ച വൈകീട്ട്, 3മണിക്ക് കോക്കല്ലൂർ ഹയർ സെക്കന്ററി സ്കൂൾ മുറ്റത്ത് പ്രിൻസിപ്പാൾ നിഷടീച്ചർ സ്കൂളിലെ ചരിത്രാധ്യാപകനായ അഭിലാഷ് പുത്തഞ്ചേരിയുടെ പാലക്കാടൻ സൈക്കിൾ യാത്രയ്‌ക്ക് ഫ്ലാഗ് ഓഫ് ചെയ്തു. സഹപ്രവർത്തകരും വിദ്യാർത്ഥികളും യാത്രയ്ക്ക് ആശംസകൾ നേർന്നു.
കോഴിക്കോട് ജില്ലയിലൂടെ അഭിലാഷ് സൈക്കിളിൽ യാത്ര തുടർന്നു. സന്ധ്യയ്‌ക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെത്തി. സുഹൃത്തായ ബിജുജോസഫിന്റെ വീട്ടിൽ രാത്രിയുറങ്ങി. പുലർച്ചെ 5.30ന് വീണ്ടും യാത്ര തുടങ്ങി. വളാഞ്ചേരി, കൊപ്പം, വാണിയംകുളം വഴി ലക്കിടിയിലെ കുഞ്ചൻ സ്മാരകം സന്ദർശിച്ച് പത്തിരിപാലയിലെത്തി
അന്ന് രാത്രി മന്നൂരിലേ രാമാനന്ദ ആശ്രമത്തിൽ തങ്ങി.
വെള്ളിയാഴ്ച രാവിലെ തിരുവില്വമല, ഐവർമഠം,കുത്തമ്പുള്ളി കൈത്തറി ഗ്രാമവും സന്ദർശിച്ചു. ജൈവകർഷകനായ സുഹൃത്ത് രഘുവേട്ടന്റെ വീട്ടിലെത്തി. ജൈവകൃഷിയുടെ നൂതനരീതികൾ അയാൾ അഭിലാഷിന് പറഞ്ഞുകൊടുത്തു. അന്നവിടെ താമസിച്ചു.
ശനിയാഴ്ച തസ്രാക്കിലെത്തി. ഒ വി വിജയന്റെ ഓർമ്മകൾ കുടികൊള്ളുന്ന സ്ഥലം. നവീകരിച്ച അറബിക്കുളം നാടിന് സമർപ്പിക്കുന്ന പരിപാടി യുണ്ടായിരുന്നു. അതിൽ അഭിലാഷും പങ്കെടുത്തു. തുടർന്ന് എം ജി ആറിന്റെ ജന്മസ്ഥലമായ വടവന്നൂരിൽ എത്തി. അദ്ദേഹത്തിന്റെ വീട്ടിൽ പോയി. കൊല്ലങ്കോട്, സീതാർകുന്ന് വെള്ളച്ചാട്ടം, ചിങ്ങംചിറ, നെൽപാടങ്ങൾ.... മനസ്സിനെ കുളിരണിയിപ്പിക്കുന്ന മനോഹരമായ കാഴ്ച്ചകൾ കൊണ്ട് സമ്പന്നമായ ദിനങ്ങൾ.
പാലക്കാടിന്റെ തണുത്തകാറ്റ് വീശുന്ന പകലുകളിൽ അഭിലാഷ് മാഷും സൈക്കിളും വൈവിധ്യമായ നാടിനകം കണ്ടറിഞ്ഞു. ഇരുട്ട് പടർന്നപ്പോൾ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്തു.
ഞായറാഴ്ച മലമ്പുഴ അണക്കെട്ടും കാനായിയുടെ നഗ്നയായ യക്ഷിയേയും കണ്ടു, കവദ്വീപിൽ പോയി. പരിസ്ഥിതിയുടെ നേരായ പ്രവർത്തനത്തിന് പരിക്കേൽപ്പിക്കാതെ സൈക്കിളിൽ എന്നുമുള്ള യാത്ര അത്രയേറെ രസകരമായിരുന്നു. വൈകുന്നേരം പൈതൃകഗ്രാമമായ കൽപ്പാത്തിയിലെത്തി സുഹൃത്ത് ഹരിഹരലക്ഷ്മണ അയ്യരുടെ വീട്ടിൽ താമസിച്ചു.
തിങ്കളാഴ്ച രാവിലെ കൽപ്പാത്തിയിൽ നിന്നും ചെർപ്പുളശേരി, മലപ്പുറം വഴി രാമനാട്ടുകരയിലെത്തി സുഹൃത്തായ സുനിൽമാഷിനൊപ്പം നിന്നു. ചൊവ്വാഴ്ച രാവിലെ 6.30ന് രാമനാട്ടുകരയിൽ നിന്ന് കോക്കല്ലൂരിലേക്ക് യാത്ര തിരിച്ചു. 9.45ന് സ്കൂളിലെത്തി. നിഷടീച്ചറും സഹപ്രവർത്തകരായ അധ്യാപകരും, വിദ്യാർത്ഥികളും കൂടി അഭിലാഷ് മാഷേ സ്വീകരിച്ചു. ആറു ദിവസം കൊണ്ടു 470 കിലോമീറ്റർ ദൂരം സൈക്കിളിൽ സഞ്ചരിച്ചപ്പോൾ അനുഭവിച്ചതും ആസ്വദിച്ചതുമായ കാഴ്ചകളും വിശേഷങ്ങളും ചരിത്രാധ്യാപകനായ അഭിലാഷ് പുത്തഞ്ചേരി വിദ്യാർത്ഥികളോട് പങ്കുവെച്ചു. കേരളത്തെ അറിയുവാൻ അടുത്ത ജില്ലകളിലേക്കുള്ള സൈക്കിൾയാത്ര ഉടനെയുണ്ടാവും. അനുഭവങ്ങൾ ഓർമ്മയിൽ നിറയുമ്പോൾ അത് ഹൃദ്യമായ വാക്കുകളായ് പുസ്തകത്തിലേക്ക് പടർന്നിറങ്ങുന്ന കാലം അരികിലുണ്ട്. അതിനുള്ള തയ്യാറെടുപ്പിലാണ് അഭിലാഷ് പുത്തഞ്ചേരി.
================
എഴുത്ത് : ബിജു ടി ആർ
0 Comments