തുലാവര്‍ഷം വരുന്നു; അടുത്ത ഒരാഴ്ച ശക്തമായ ഇടിയോട് കൂടിയ മഴ.





അടുത്ത ഒരാഴ്ച സംസ്ഥാനത്ത് ഇടിയും മിന്നലുമായി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാവിദഗ്ധര്‍. പലയിടത്തും ഇടിയും മിന്നലും ശക്തമായ മഴയും പെയ്യുന്നുണ്ടെങ്കിലും തുലാവര്‍ഷത്തിന്റെ (വടക്കുകിഴക്കന്‍ മണ്‍സൂണ്‍) തുടക്കമായിട്ടില്ല.കാലവര്‍ഷത്തില്‍നിന്ന് തുലാവര്‍ഷത്തിലേക്കുള്ള മാറ്റമാണ് ഇപ്പോള്‍. അതിന്റെ ഭാഗമാണ് ഇപ്പോള്‍ പെയ്യുന്ന, തുലാവര്‍ഷത്തിന്റെ സ്വഭാവമുള്ള ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ.

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പലയിടത്തും ഞായറാഴ്ച ഉച്ചയ്ക്കുശേഷം പെരുമഴയായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിനടുത്ത് ഒരുമണിക്കൂറിനിടെ 92 മി.മീ. മഴയാണു പെയ്തത്. മേഘവിസ്ഫോടനത്തിനു സമാനമായ മഴ എന്നാണ് കാലാവസ്ഥാവിദഗ്ധനും സംസ്ഥാന ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥനുമായ രാജീവന്‍ എരിക്കുളം പറഞ്ഞത്. മഞ്ചേരിയിലും അതിശക്തമായ മഴയായിരുന്നു.

വരുംദിവസങ്ങളില്‍ തെക്കുകിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനടുത്തായി ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷകര്‍ പറയുന്നു. അതിന്റെ സ്വഭാവത്തിനനുസരിച്ച്‌ ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

Post a Comment

0 Comments