കേരളത്തിലെ ആദ്യ ബഷീർ മ്യൂസിയം ബുധനാഴ്ച തുറക്കും.


കോഴിക്കോട്:സാഹിത്യ നഗരിക്ക് തിളക്കമായി ആദ്യ ബഷീർ മ്യൂസിയം ഉദ്ഘാടനത്തിനൊരുങ്ങി. ‘മതിലുകൾ’ എന്ന് പേരിട്ട ബഷീർ മ്യൂസിയവും വായനാ മുറിയും കോഴിക്കോട് ദയാപുരത്താണ് സജ്ജമായിരിക്കുന്നത്. ബുധനാഴ്ച രാവിലെ 10ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മ്യൂസിയം പൊതുസമൂഹത്തിനായി തുറന്ന് കൊടുക്കും.

ദയാപുരം വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രത്തിന്‍റെ സ്ഥാപക ഉപദേശകരിൽ ഒരാളായ ബഷീറിന്‍റെ കൈയെഴുത്ത് പ്രതികൾ, ദയാപുരവും ബഷീറുമായുള്ള ബന്ധത്തിന്‍റെ രേഖകൾ എന്നിവ പ്രദർശിപ്പിച്ച മ്യൂസിയം, എഴുത്തുകാരന്‍റെ രാഷ്ട്രീയ പ്രവർത്തനം (1925-1940 കൾ), സാംസ്കാരിക മേഖലയിലെ എഴുത്ത് (1940-1960കൾ), ആത്മീയ ധാർമികാന്വേഷണം (1960-1994) എന്നീ മൂന്നു ഘട്ടങ്ങളിലൂടെ അവതരിപ്പിക്കുന്നു.

ഡോ. എം.എം. ബഷീറിന്‍റ ശേഖരത്തിലുള്ള ബഷീർ കൈയെഴുത്തു പ്രതികളിൽ 1936-ൽ ആദ്യം ഇംഗ്ലീഷിലെഴുതിത്തുടങ്ങിയ ‘ബാല്യകാലസഖി’യുടെ ഇംഗ്ലീഷ് പേജുകൾ, ഭാർഗവീ നിലയത്തിന്‍റെ തിരക്കഥ, പിന്നീട് ‘അനുരാഗത്തിന്‍റെ ദിനങ്ങൾ’ ‘കാമുകന്‍റെ ഡയറി’, ‘ഭൂമിയുടെ അവകാശികൾ’, ‘മുച്ചീട്ടുകളിക്കാരന്‍റെ മകളുടെ’ പൂർത്തിയാകാത്ത നാടകം, അപ്രകാശിത കഥകൾ, ഡോ. സുകുമാർ അഴീക്കോടിനടക്കം എഴുതിയ കത്തുകൾ എന്നിവയാണുള്ളത്.

ഒക്ടോബർ 23 മുതൽ നവംബർ 3 വരെ എല്ലാ ദിവസവും തുറക്കുന്ന മ്യൂസിയത്തിൽ അതിനുശേഷം ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4.30 വരെ മാത്രമാവും സന്ദർശകർക്ക് പ്രവേശനം.

Post a Comment

0 Comments