എടക്കാട്: കണ്ണൂർ-തോട്ടട-നടാൽ-തലശ്ശേരി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസുകൾ ചൊവ്വാഴ്ചമുതൽ അനിശ്ചിതകാലത്തേക്ക് സർവിസ് നിർത്തിവെക്കുമെന്ന് ബസുടമകളുടെ സംഘടനാ ഭാരവാഹികൾ അറിയിച്ചു.
സമരം ആരംഭിച്ചാൽ ഇതുവഴിയുള്ള യാത്രാക്ലേശം രൂക്ഷമാകും. സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികൾ, ജോലിക്ക് പോകുന്ന സ്ത്രീകൾ ഉൾപെടെയുള്ള തൊഴിലാളികൾ എന്നിവരുൾപ്പെടെയുള്ളവരുടെ യാത്ര അതീവ ദുരിതമാകും. സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് ഇതുവഴി ഓടുന്ന പ്രാദേശിക ഓർഡിനറി ബസുകളും ഓട്ടം നിർത്തിവെക്കുമെന്നാണ് സമരസമിതി ഭാരവാഹികൾ പറയുന്നത്.കണ്ണൂർ ഭാഗത്തുനിന്ന് തലശ്ശേരിയിലേക്ക് പോകേണ്ട ബസുകൾ നടാൽ ഗേറ്റ് കടന്നാൽ തലശ്ശേരിയിലേക്കുള്ള സർവിസ് റോഡിലേക്ക് കടക്കാൻ ഏഴു കിലോമീറ്ററിലധികം കൂടുതലായി ഓടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രശ്ന പരിഹാരത്തിന് അധികൃതർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് ബസുകൾ ഓട്ടം നിർത്തിയുള്ള സമരത്തിന് തയാറെടുക്കുന്നത്.
0 Comments