ആഴ്‌ചകൾ നീണ്ട ചൂടേറിയ പ്രചാരണപരിപാടികൾക്കവസാനമായി, വയനാട്ടിലും ചേലക്കരയിലും ഇന്ന് നിശബ്ദ പ്രചാരണം. തിരഞ്ഞെടുപ്പിന് ഒരുദിവസം മാത്രം ബാക്കി നിൽക്കെ പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള തിടുക്കത്തിലാണ് സ്ഥാനാർത്ഥികൾ. ബൂത്ത് തലത്തിലെ സ്‌ക്വാഡ് വർക്കുകൾ ഇന്നും തുടരും. മൂന്ന് മുന്നണികളുടെയും മൂന്നും നാലും സ്‌ക്വാഡുകൾ ഇതിനകം വോട്ടർമാരുടെ വീടുകളിലെത്തിക്കഴിഞ്ഞു. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ടുമണിമുതൽ തുടങ്ങി ഉച്ചയോടെ പൂർത്തിയാക്കും.
സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും വോട്ടിംഗ് യന്ത്രങ്ങൾ പരിചയപ്പെടുത്തലും നടന്നു. പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലാണ് വോട്ടർ പട്ടികയുമായി വീടുകളിലെത്തി സ്ലിപ്പ് നൽകിയത്. ഇന്നലെ വൈകിട്ട് കൊട്ടിക്കലാശം കഴിഞ്ഞതിനാൽ പുറമെ നിന്നുള്ള നേതാക്കളെല്ലാം മടങ്ങി. മൂന്നു മുന്നണികളും ആവേശത്തിന്റെ അലകൾ തീർത്താണ് ആഴ്ചകളായുള്ള പ്രചാരണത്തിന് സമാപനം കുറിച്ചത്. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സ്ഥാനാർത്ഥികളുടെ റോഡ് ഷോയും ശബ്ദ പ്രചാരണത്തിന്റെ സമാപന ദിവസം ആവേശം പകർന്നു.
വയനാട് ലോക്‌സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി, എൽ ഡി എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി, ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസ് എന്നിവരാണ് മത്സരംഗത്തുള്ള പ്രമുഖർ. യുഡിഎഫിന്റെ രമ്യ ഹരിദാസ്, എൽഡിഎഫിന്റെ യു ആർ പ്രദീപ്, എൻഡിഎയുടെ കെ ബാലകൃഷ്ണൻ എന്നിവരാണ് ചേലക്കരയിൽ അങ്കത്തട്ടിലുള്ള പ്രമുഖർ. മൂന്ന് മുന്നണികളും ജീവൻ മരണ പോരാട്ടമാണ് വയനാടും ചേലക്കരയിലും നടത്തുന്നത്. കൽപ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് തിരഞ്ഞെടുപ്പ് നവംബർ 20ലേക്ക് മാറ്റിയിരിക്കുകയാണ്.
0 Comments