Header Ads

 


ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ സജീവ തൊഴിലാളികളുടെ എണ്ണത്തിൽ കുറവ്


                                                                                
ന്യൂഡൽഹി:  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇപ്പോൾ അത്യാസന്നനിലയിലാണെന്ന് ​ഗവേഷകർ. ​ഗ്രാമ പ്രദേശങ്ങളിലെ സാധാരണക്കാരായ ആളുകൾക്ക് വലിയ ആശ്വാസമായി മാറിയിരുന്ന ഈ തൊഴഇലുറപ്പ് പദ്ധതിയുടെ ശോചനീയാവസ്ഥ എൻജിനിയറിങ് വിദഗ്‌ധരും ഗവേഷകരുമടങ്ങിയ ലിബ്ടെക് ഇന്ത്യ പഠനത്തിലാണ് കണ്ടെത്തിയത്.

കഴിഞ്ഞവർഷത്തെക്കാൾ ഈ വർഷം പദ്ധതിയിലെ സജീവതൊഴിലാളികളുടെ എണ്ണത്തിൽ എട്ടുശതമാനം ഇടിവുണ്ടായി. കേരളത്തിൽ ഈ വർഷം 1,93,947 തൊഴിലാളികൾ പദ്ധതിക്ക് പുറത്തായപ്പോൾ 67,629 തൊഴിലാളികൾ പുതുതായെത്തി. ഫലത്തിൽ കേരളത്തിൽ ഈ വർഷമുണ്ടായ തൊഴിലാളികളുടെ കുറവ് 1,26,318.

തുടർച്ചയായി മൂന്നുവർഷമെങ്കിലും സ്ഥിരമായി പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് നേടിയ തൊഴിലാളികളെയാണ് ‘സജീവതൊഴിലാളി’കളായി കണക്കാക്കുക.

കോൺഗ്രസ് നേതൃത്വത്തിലുള്ള ഒന്നാം യു.പി.എ. ഭരണകാലത്ത് ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. പദ്ധതിയോടുള്ള അധികൃതരുടെ താത്‌പര്യക്കുറവും താഴെത്തട്ടിലെ തൊഴിലാളികളായ ഗുണഭോക്താക്കൾക്ക് അപ്രാപ്യമായവിധത്തിൽ ഏർപ്പെടുത്തിയ രജിസ്ട്രേഷൻ നിബന്ധനകളും പദ്ധതിയുടെ താളം തെറ്റിക്കുന്നെന്നാണ് കണ്ടെത്തൽ.ആധാർ അധിഷ്ഠിത വേതനവിതരണം വിനയായി

ആധാർ അധിഷ്ഠിത വേതനവിതരണ സംവിധാനം (എ.ബി.പി.എസ്.) കർക്കശമാക്കിയതാണ് കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളിലെല്ലാം തൊഴിലാളികൾക്ക് വിനയായത്. ഈ വർഷം ജനുവരിമുതൽ സംവിധാനം നിർബന്ധമാക്കിയതോടെ 6.73 കോടി തൊഴിലാളികളാണ് പദ്ധതിക്ക് പുറത്തായത്. മൊത്തം തൊഴിലാളികളുടെ 27.4 ശതമാനം വരുമിത്. മറ്റു മാനദണ്ഡങ്ങളാൽ പുറത്താക്കപ്പെടുന്നവരുമുണ്ട്. ‘സജീവതൊഴിലാളി’കളല്ലാതാവുക പോലുള്ള കാരണങ്ങളുമുണ്ട്

ആധാർ തൊഴിൽക്കാർഡുമായി ബന്ധിപ്പിക്കൽ, തൊഴിൽക്കാർഡിലെയും ആധാർ കാർഡിലെയും പേരിലെ അക്ഷരങ്ങളടക്കം ഒന്നുതന്നെയെന്ന് ഉറപ്പാക്കൽ, ബാങ്ക് അക്കൗണ്ടിനെ ആധാർ കാർഡുമായി ബന്ധിപ്പിക്കൽ, അക്കൗണ്ടിനെ നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ രേഖപ്പെടുത്തൽ എന്നീ കടമ്പകൾ പൂർത്തിയായാൽമാത്രമേ എ.ബി.പി.എസ്. പരിധിയിലുൾപ്പെടുകയുള്ളൂ. ഉത്തരേന്ത്യയിലെയടക്കം പാവപ്പെട്ട ജനതയ്ക്ക് ഇത് അപ്രാപ്യമാകുന്നത് ഇക്കാരണത്താലാണ്. കേരളമാണ് ഏറക്കുറെ എ.ബി.പി.എസ്. പൂർത്തീകരണത്തിൽ മുന്നിൽ. കേരളത്തിൽ പലരും സജീവതൊഴിലാളികളാവുന്നില്ലെന്നതാണ് പ്രശ്നം.
......................................................................

Post a Comment

0 Comments