കോഴിക്കോട്: ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി കളക്ടറേറ്റ് ജീവനക്കാർക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കവിത പാരായണം, പ്രശ്നോത്തരി, കേട്ടെഴുത്ത് എന്നിവയിൽ ഒട്ടേറെ ജീവനക്കാർ പങ്കെടുത്തു. ഭരണഭാഷ മാതൃഭാഷയും പ്രാദേശിക ഭാഷയുമാക്കുന്നത് ഏറ്റവും മികച്ച രീതിയിൽ ജനസേവനം നടപ്പിലാക്കാൻ വേണ്ടിയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു. ജനങ്ങള്‍ക്കുവേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന അവരുടെ ഭാഷയില്‍ സംസാരിക്കുക എന്നതാണ് ഭരണഭാഷ മാതൃഭാഷയാക്കിയതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക ജീവിതം കേരളത്തില്‍ ചെലവഴിക്കാനായത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. മാതൃഭാഷയായ ഹിന്ദിയ്ക്കു പുറമെ മലയാളം പഠിക്കാനും കേരളത്തിലെ സംസ്‌കാരം അടുത്തറിയാനുമായത് വിലമതിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എഡിഎം എൻ.എം മെഹറലി അധ്യക്ഷനായി. ഡെപ്യൂട്ടി കലക്ടർമാരായ കെ ഹിമ, ഇ അനിതകുമാരി, എം നിസാം, സി ബിജു, സീനിയർ ഫിനാൻസ് ഓഫീസർ കെ പി മനോജൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൽ കരീം, എച്ച്എസ് സി പി മണി തുടങ്ങിയവർ സംസാരിച്ചു.
0 Comments