കോഴിക്കോട്: ജില്ലയിൽ കുറയാതെ മഞ്ഞപ്പിത്ത രോഗബാധ. സെപ്റ്റംബർ മുതൽ കുത്തനെ ഉയർന്ന രോഗബാധ ഇപ്പോഴും കുറഞ്ഞിട്ടില്ല. ഈ മാസത്തെ ആദ്യ ആഴ്ചയിൽ മാത്രം 54 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളുണ്ടാവുകയും ലാബ് പരിശോധന നടത്താത്തതുമായ രോഗികൾ ഇതിന്റെ നാലിരട്ടി വരും. ജില്ലയിൽ കോർപറേഷനിലും ഒട്ടുമിക്ക പഞ്ചായത്തുകളിലും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധയ്ക്ക് ഇടയാക്കിയതെന്ന് സംശയിക്കുന്ന ജലസ്രോതസ്സുകളുടെ സാംപിളുകൾ പരിശോധിക്കുകയും ഭക്ഷണ പാനീയങ്ങൾ വിൽക്കുന്ന കടകളിൽ പരിശോധന നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും പലയിടത്തും രോഗം നിയന്ത്രിക്കാനാകുന്നില്ല. വൈറസ് ബാധയുണ്ടായ രോഗിക്കു ലക്ഷണങ്ങൾ ഉണ്ടാകുന്നതിനു രണ്ടാഴ്ച മുൻപു തന്നെ ഇയാൾ രോഗം പടർത്തിയിട്ടുണ്ടാകുമെന്നതാണു പ്രധാന വെല്ലുവിളി.
രോഗബാധയുണ്ടായവർക്കു നേരത്തെ ചെറിയ ചികിത്സ കൊണ്ടു ഭേദമാകുമായിരുന്നു. എന്നാൽ, സ്ഥിതി ഗുരുതരമാണെന്നു ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. പലതരം സങ്കീർണതകൾ മൂലം രോഗബാധിതരിൽ പലരും മരണത്തിനു കീഴടങ്ങുന്ന സാഹചര്യമാണ്. ആഘോഷങ്ങളിലും ചടങ്ങുകളിലും വിതരണം ചെയ്യുന്ന വെൽകം ഡ്രിങ്കുകൾ അതീവ അപകടകരമാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശുചിത്വമില്ലാത്ത വെള്ളത്തിലുണ്ടാക്കിയ ഐസ് മഞ്ഞപ്പിത്തത്തിനു കാരണമാകും. ശീതള പാനീയങ്ങൾ, സംഭാരം, ഐസ്ക്രീം എന്നിവയിൽ ചേർക്കുന്ന വെള്ളം ശുദ്ധമല്ലാത്തതും മഞ്ഞപ്പിത്തം പെരുകാൻ കാരണമാണ്.
0 Comments