മൊബൈൽ ഉപയോഗം: കുട്ടികളെ ശ്രദ്ധിക്കുക.





കേരളത്തില്‍ കുട്ടികളുള്ള വീടുകളില്‍ രക്ഷിതാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയാണ്. കുട്ടികളുടെ സാമൂഹിക ഇടപെടല്‍, മുതിര്‍ന്നവരോടുള്ള പെരുമാറ്റം, സമപ്രായക്കാരോടുള്ള ഇടപഴകല്‍ ഇതിനെയെല്ലാം തകിടം മറിക്കുന്ന അപകടകരമായ സാഹചര്യമാണ് മൊബൈല്‍ ഉപയോഗം കൊണ്ടെത്തിച്ചിരിക്കുന്നത്.
ചെറിയ പ്രായത്തില്‍ തന്നെ കൈവശം മൊബൈല്‍ ഫോണുകളും ടാബുകളും ലാപ്‌ടോപ്പുമൊക്കെ കൈകാര്യം ചെയ്യുമ്പോള്‍ സ്വന്തം കുട്ടിയെ വണ്ടര്‍ കിഡ് പരിവേഷം നല്‍കിയ രക്ഷിതാക്കള്‍ക്ക് ഇപ്പോള്‍ മനസമാധാനം നഷ്ടപ്പെടുകയാണ്.

ഏറ്റവും പുതിയ പഠനങ്ങളും ചില രക്ഷിതാക്കളുടെ അനുഭവങ്ങളും വിരല്‍ ചൂണ്ടുന്നത് മൊബൈല്‍ ഉപയോഗം രാസ ലഹരി ഉപയോഗത്തേക്കാള്‍ അപകടകരമാണെന്നാണ്. കുട്ടിയുടെ സ്വഭാവ രൂപീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വലിയ സ്വാധീനം ചെലുത്താന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് കഴിയും. കുട്ടികളെ ഭക്ഷണം കഴിപ്പിക്കാനും, കുട്ടിയെ നോക്കാന്‍ 'ബുദ്ധിമുട്ട്' ആയത് കാരണം ഫോണ്‍ കൊടുത്ത ശേഷം വിശ്രമിക്കുന്ന മാതാപിതാക്കളുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്.മൊബൈല്‍ ഫോണിനായി വാശിപിടിക്കുന്ന കുട്ടികള്‍ക്ക് അത് നല്‍കുന്ന രക്ഷിതാക്കള്‍ ശരിക്കും സ്വന്തം കുട്ടിയോടുള്ള സ്‌നേഹമല്ല മറിച്ച് കുട്ടിയുടെ മറ്റ് വാസനകളേയും കഴിവുകളേയും മുളയിലേ നുള്ളുകയാണ് ചെയ്യുന്നതെന്ന് മനശാസ്ത്ര വിദഗ്ദ്ധര്‍ പറയുന്നു. പല കാര്യങ്ങളും കണ്ടും അറിഞ്ഞും 

പഠിക്കേണ്ട പ്രായത്തില്‍ സ്മാര്‍ട് ഡിവൈസുകളുടെ ലോകത്തേക്ക് കടത്തിവിടുന്നത് കുട്ടികളോട് ചെയ്യുന്ന വലിയ ചതിയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനും ഉപയോഗം നിയന്ത്രിച്ചതിനും കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ഉയര്‍ന്ന വിദ്യാഭ്യാസമുള്ള മാതാപിതാക്കളുള്ള കേരളത്തിലാണ്. കുട്ടികളിലെ ഡിജിറ്റല്‍ അഡിക്ഷനും അതേ തുടര്‍ന്നുള്ള മാനസിക പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി സംസ്ഥാന പൊലീസിന്റെ സോഷ്യല്‍ പൊലീസിങ് ഡിവിഷന് കീഴില്‍ ആരംഭിച്ച ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്ററില്‍(ഡിഡാഡ്) എത്തുന്നത് നിരവധി കേസുകളാണ്.ലഹരിക്കടിപ്പെട്ടവര്‍ അതു കിട്ടാതാകുമ്പോള്‍ കാട്ടിക്കൂട്ടാറുള്ള ഭ്രാന്തമായ അതിക്രമങ്ങള്‍ക്കു സമാനമായ സാഹചര്യമാണു മൊബൈല്‍ അഡിക്ഷനുള്ള കുട്ടികളും സൃഷ്ടിക്കുന്നതെന്നാണ് ഡി-ഡാഡിലെ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഒരു പ്രായം

കഴിഞ്ഞാല്‍ പിന്നെ മൊബൈല്‍ അഡിക്ഷന്‍ ഭേദമാകാത്ത അവസ്ഥയിലേക്ക് എത്തും. ഈ ഘട്ടത്തില്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവരെ കുട്ടികള്‍ അക്രമിക്കാനും എതിര്‍ക്കാനും തുടങ്ങും.ഒരു ദിവസത്തില്‍ 12 മണിക്കൂറില്‍ അധികം സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം കേരളത്തില്‍ വ്യാപകമായി വര്‍ദ്ധിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 15-17 വയസ്സ് പ്രായമുള്ള കുട്ടികളാണ് കൂടുതലായും ഡി-ഡാഡ് സെന്ററുകളില്‍ എത്തുന്നത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ മൊബൈലുകള്‍ കൈയില്‍ കിട്ടുന്ന ഇന്നത്തെ തലമുറ ഈ പ്രായം പോലും എത്തുന്നതിന് മുമ്പ് മൊബൈല്‍ ഉപയോഗത്തിന് അടിമകളാകുന്നു.സ്മാര്‍ഡ് ഫോണ്‍ പോലുള്ളവയുടെ ഉപയോഗത്തില്‍ മുന്നിലുള്ളത് ആണ്‍കുട്ടികളാണ്. പ്രധാനമായും മൊബൈല്‍ ഗെയിമുകള്‍ക്കാണ് ഇവര്‍ അടിമപ്പെടുന്നത്. പെണ്‍കുട്ടികള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതാകട്ടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിനും. പണം ഉപയോഗിച്ച് കളിക്കേണ്ട ഗെയിമുകളിലേക്ക് ചെന്ന് പെടുന്ന കുട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചു. ഇതിന് പണം കിട്ടാതെ വരുന്നതോടെ വീട്ടില്‍ നിന്ന് മോഷണം നടത്തുകയും സാധനങ്ങള്‍ വിറ്റ് പണം കണ്ടെത്തുകയും ചെയ്യുന്നത് സാധാരണമായി മാറിക്കഴിഞ്ഞു.സമൂഹമാദ്ധ്യമ ഹാന്‍ഡിലുകള്‍ അമിതമായി ഉപയോഗിക്കുന്ന പെണ്‍കുട്ടികളാകട്ടെ പ്രണയ കെണിയില്‍ വീഴുന്നതാണ് സംഭവിക്കുന്നത്. പലപ്പോഴും ഒന്നിലധികം പ്രണയബന്ധങ്ങള്‍ ഇവര്‍ക്ക് ഉണ്ടാകുകയും ചെയ്യുന്നു. പ്രണയബന്ധം ശാരീരിക ചൂഷണങ്ങളിലേക്ക് എത്തിക്കഴിഞ്ഞ ശേഷമായിരിക്കും പലപ്പോഴും രക്ഷിതാക്കള്‍ പോലും അറിയുന്നത്. പഠനത്തില്‍ താത്പര്യമില്ലാതാകുക, വീട്ടില്‍ ഉള്ള ആളുകളുമായി സംസാരിക്കുന്നത് കുറയുക പെട്ടെന്ന് ദേഷ്യം വരിക തുടങ്ങിയവയെല്ലാം മൊബൈല്‍ അഡിക്ഷന്റെ ലക്ഷണങ്ങളാണ്.18 വയസ്സില്‍ താഴെയുള്ള കുട്ടികളെ സൗജന്യ കൗണ്‍സലിങ്ങിലൂടെ അമിത മൊബൈല്‍ ഉപയോഗത്തില്‍ നിന്നു മുക്തമാക്കുകയും സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ചു മാതാപിതാക്കള്‍ക്കും ബോധവത്ക്കരണം നല്‍കുകയുമാണു ഡി-ഡാഡ് സെന്ററുകള്‍ ചെയ്യുന്നത്. സെന്ററിലെത്തുന്ന കുട്ടികള്‍ക്കു ചോദ്യാവലി നല്‍കിയ ശേഷം ഉത്തരങ്ങള്‍ പരിശോധിച്ചാണു മൊബൈല്‍ അഡിക്ഷന്റെ തോതു കണ്ടെത്തുന്നതും പ്രതിവിധി നിര്‍ദേശിക്കുന്നതും

*പരിഹാര മാർഗ്ഗം ഇങ്ങനെ*

വളരെ ചെറിയ പ്രായത്തില്‍ തന്നെ അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കാതിരിക്കുക.


കുട്ടികളുടെ മുന്നില്‍ മണിക്കൂറുകളോളം രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക.

സുരക്ഷിത ഇന്റര്‍ നെറ്റ് ഉപയോഗത്തെ കുറിച്ച് രക്ഷിതാക്കള്‍ ബോധവാന്‍മാരാകുക.

കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ മാത്രമാക്കുക.

ഗെയിം പോലുള്ള വിനോദങ്ങള്‍ കര്‍ശനമായി നിരോധിക്കുക.

ഭക്ഷണം കഴിക്കുന്ന സമയത്ത് ഒരുകാരണവശാലും മൊബൈല്‍ ഫോണ്‍ നല്‍കാതിരിക്കുക.

കുട്ടികളെ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുക.
മൊബൈല്‍ ഫോണില്‍ വിജ്ഞാന സംബന്ധമായ കാര്യങ്ങള്‍ ഓരോ ദിവസവും നിശ്ചിത സമയത്തേക്ക് മാത്രം കാണിക്കുക.
ചെറിയ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുമ്പോള്‍ അറിവ് ലഭിക്കുന്ന വിഷയങ്ങള്‍ മാത്രം കാണിക്കുക. അനിമേഷന്‍ വീഡിയോസ്
ആണ് ഉചിതം.
അക്രമം, വയലന്‍സ് തുടങ്ങിയ ഉള്ളടക്കങ്ങള്‍ 18 വയസ്സിന് താഴെയുള്ള കുട്ടികളെ ഒരിക്കലും കാണിക്കാതിരിക്കുക.
ഫോണില്‍ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളും ചിത്രങ്ങളും കാണിച്ച് അഡിക്ഷന്‍ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നതും ആപത്താണ്.

Post a Comment

0 Comments