പത്താം വാർഷികത്തിൽ ആംബുലൻസ് നാടിന് സമർപ്പിക്കാനൊരുങ്ങി ജയശ്രീ ട്രസ്റ്റ്.





കൊളത്തൂർ: വിദ്യാർത്ഥി കാലം തൊട്ടേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഭാഗമായി തുടർന്ന് ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ തുടങ്ങി പാർട്ടിയുടെ ബഹുജന പ്രസ്ഥാനങ്ങളുടെയും നേതൃത്വ ചുമതലകൾ വഹിച്ചിരുന്ന ജയശ്രി ഓർമ്മയായിട്ട് 11 വർഷം. നിസ്വാർത്ഥ പൊതുപ്രവർത്തനത്തിലൂടെ ശ്രദ്ധേയയായി നിൽക്കെ അകാലത്തിൽ വിട്ടു പോയ ജയശ്രീയുടെ പേരിൽ രൂപീകരിക്കപ്പെട്ട ജയശ്രീ ട്രസ്റ്റ് പത്ത് വർഷം പിന്നിടുന്നു.

കടന്നുപോയ പത്ത് വർഷക്കാലത്തിനുള്ളിൽ നിരവധി സേവനപ്രവർത്തനങ്ങളാണ് ട്രസ്റ്റ് നിർവ്വഹിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ രക്തദാനം, കൊളത്തൂരിലെയും സമീപപ്രദേശങ്ങളിലെയും കിടപ്പുരോഗികൾക്കാവശ്യമായ കട്ടിലുകൾ, എയർ ബെഡ്, വാട്ടർ ബെഡ്, ആരോഗ്യ പുനരധിവാസ ഉപകരണങ്ങളായ വീൽച്ചെയറുകൾ, വാക്കർ, സൗജന്യ മരുന്ന് എന്നിവ നൽകി വന്നു. കോവിഡ് കാലത്ത് കൊളത്തൂർ പി.എച്ച് സിയിൽ കഞ്ഞി വിതരണവും നടത്തുകയുണ്ടായി. ജീവകാരുണ്യ പ്രവർത്തനത്തിൽ ഒരു നാഴികക്കല്ല് പിന്നിടുമ്പോൾ
രോഗാതുരർക്കുള്ള സേവനമെന്ന നിലയിൽ ആംബുലൻസ് സർവ്വീസ് നടത്താനൊരുങ്ങുകയാണ് ജയശ്രീ ട്രസ്റ്റ്. ട്രസ്റ്റിൻ്റെ ആംബുലൻസ് സമർപ്പണം ഫെബ്രുവരി 14 ന് കൊളത്തൂരിൽ നൻമണ്ട പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്തിൻ്റെ അധ്യക്ഷതയിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിർവ്വഹിക്കും.
രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.





Post a Comment

0 Comments