.
തിരുവനന്തപുരം:ലഹരിക്കടത്തുകേസില്‍ കടുത്ത നടപടികളിലേക്ക് പോലീസ്. ലഹരിവ്യാപാരത്തില്‍ ഉള്‍പ്പെട്ടവരുടെ സ്വത്ത് കണ്ടുകെട്ടുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ കാര്യക്ഷമമാക്കും.
സ്ഥിരംവില്‍പ്പനക്കാരെ കരുതല്‍തടങ്കലിലാക്കും. ചെറിയ അളവിലുള്ള ലഹരിവസ്തുക്കളാണെങ്കില്‍പ്പോലും കർശനനടപടി സ്വീകരിക്കാൻ ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. മനോജ് എബ്രഹാം വിളിച്ചുചേർത്ത ഉന്നതതലയോഗം നിർദേശിച്ചു.
എൻ.ഡി.പി.എസ്. നിയമത്തിലെ 68-എഫ് വകുപ്പ് പ്രകാരമാകും സ്വത്തുക്കള്‍ കണ്ടുകെട്ടുക. കണ്ടുകെട്ടിയ സ്വത്ത് ലഹരി ഇടപാടിലൂടെ സമ്പാദിച്ചതല്ലെന്ന് പ്രതി തെളിയിക്കണം.
പശ്ചിമബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങളുമായും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായും ബന്ധപ്പെട്ട് ലഹരിക്കടത്ത് തടയാൻ നടപടിയെടുക്കും.
വിദേശരാജ്യങ്ങളില്‍നിന്നെത്തുന്ന പാഴ്സലുകള്‍ പ്രത്യേകം നിരീക്ഷിക്കും. ഡി.ജെ. പാർട്ടികള്‍ നിരീക്ഷിക്കും. ലഹരിയുമായി ബന്ധപ്പെട്ട് വിചാരണയിലുള്ള കേസുകളുടെ സ്ഥിതിയും പരിശോധിക്കും. ബീറ്റ് പോലീസ് ഓഫീസർമാർ മുഖേന റെസിഡന്റ്സ് അസോസിയേഷനുകള്‍ കേന്ദ്രീകരിച്ച് അവബോധം നടത്തും. സ്കൂള്‍ തുറക്കുന്ന സമയത്തുതന്നെ സ്കൂള്‍ പ്രൊട്ടക്ഷൻ ഗ്രൂപ്പുകളെ ഉപയോഗിച്ച് ബോധവത്കരണം നടത്താനും യോഗം നിർദേശിച്ചു.
0 Comments