സമ്പൂര്‍ണ ചന്ദ്രഗ്രഹണത്തിന് പിന്നാലെ ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കാന്‍ സൂര്യഗ്രഹണവും എത്തുകയാണ്. പോയ വര്‍ഷം നട്ടുച്ചയെ ഇരുട്ടിലാക്കി സമ്പൂര്‍ണ സൂര്യഗ്രഹണമാണ് വിരുന്നെത്തിയതെങ്കില്‍ ഇത്തവണ ഭാഗിക സൂര്യഗ്രഹണമാണ് കാത്തിരിക്കുന്നത്. ഭാഗിക സൂര്യഗ്രഹണമെങ്കിലും കാഴ്ചയ്ക്ക് കുറവൊന്നുമുണ്ടാകില്ല. കാരണം ചക്രവാളത്തില്‍ ‘ചെകുത്താന്‍റെ കൊമ്പുകള്‍’ കാണാം!സൂര്യഗ്രഹണ സമയത്തെ അപൂര്‍വമായ ആകാശ ദൃശ്യമാണ് ‘സോളാര്‍ ഹോണ്‍സ്’ (Solar Horns) അല്ലെങ്കില്‍ ‘ഡെവിള്‍ ഹോണ്‍സ്’ (Devil Horns എന്ന് അറിയപ്പെടുന്നത്. സൂര്യഗ്രഹണം നടക്കുന്ന 2025 മാർച്ച് 29 ശനിയാഴ്ച രാവിലെ ചക്രവാളത്തിലായിരിക്കും ഉദയസൂര്യനെ ‘കൊമ്പുകള്‍’ പോലെ കാണപ്പെടുക. തീരപ്രദേശങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും ഈ ‘കൊമ്പുകള്‍’ കാണാന്‍ സാധിക്കും. ഗ്രഹണസമയത്ത് സൂര്യോദയം സംഭവിക്കുമ്പോള്‍ ആദ്യം ദൃശ്യമാകുക സൂര്യന്‍റെ രണ്ട് കൊമ്പുകള്‍ പോലെയുള്ള ഭാഗങ്ങളായിരിക്കും. ചന്ദ്രന്‍ ഭാഗികമായി സൂര്യന്‍റെ മധ്യഭാഗത്തെ മറയ്ക്കുമ്പോഴാണ് ഉദയ സൂര്യന്‍റെ അരികുകള്‍ മാത്രം ദൃശ്യമാകുന്നത്. ചക്രവാളത്തിനടുത്തുള്ള അന്തരീക്ഷത്തിന്‍റെ സ്വാധീനം ഈ ‘കൊമ്പുകളുടെ’ നീളത്തിനേയും രൂപത്തിനെയും സ്വാധീനിക്കാം.സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം.
0 Comments