തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് ഏഴ് മരണം കൂടി. ഇതോടെ ഇത്തവണത്തെ മഴക്കെടുതിയില്‍ ഒരാഴ്‌ചക്കിടെ ആകെ മരണം 27 ആയി.ഇന്ന് മാത്രം മൂന്നുപേരെ കാണാതായി. എട്ടു ജില്ലകളില്‍ റെഡ് അലേർട്ടാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായതോടെ 2000ലേറെ പേർ ക്യാമ്ബുകളിലേക്ക് മാറി. 200ലേറെ വീടുകള്‍ തകർന്നു. റോഡ്, റെയില്‍ ഗതാഗതം അലങ്കോലമായി. നിരവധി ട്രെയിനുകള്‍ വൈകിയോടുകയാണ്. ദേശീയപാതയില്‍ പലയിടത്തും മണ്ണിടിച്ചിലും മഴവെള്ള പാച്ചിലുമുണ്ടായി.
കോട്ടയം കൊല്ലാടിനു സമീപം മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേർ മരിച്ചു. പാറയ്ക്കല്‍ക്കടവ് സ്വദേശികളായ ജോബി , പോളച്ചിറയില്‍ അരുണ്‍ സാം എന്നിവരാണ് മരിച്ചത്. വിഴിഞ്ഞത്ത് ശക്തമായ തിരമാലയില്‍ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. കനത്ത മഴയില്‍ നനയാതിരിക്കാൻ മുനമ്ബത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം നിന്ന യുവതിയുടെ തലയില്‍ കാറ്റിനെ തുടർന്ന് ഇഷ്ടിക വീണു. പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ യുവതി മരിച്ചു. എറണാകുളം വടക്കേക്കര സ്വദേശിനി ആര്യാ ശ്യാംമോനാണ് (34)മരിച്ചത്. ബുധനാഴ്ചയായിരുന്നു അപകടമുണ്ടായത്. ഇടുക്കി അടിമാലിയില്‍ മഴയെ തുടർന്നുണ്ടായ അപകടത്തില്‍ പാറത്തോട് പുത്തൻ പറമ്ബില്‍ ബാബു (67) മരിച്ചു. കാസർകോട് കോട്ടിക്കുളം സ്വദേശി സാദിഖ് മഴയെ തുടർന്ന് നിറഞ്ഞ തോട്ടില്‍ വീണ് മരിച്ചു. തോടിൻ്റെ കരയിലൂടെ നടക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു.
വെള്ളക്കെട്ടിനെത്തുടർന്ന് കണ്ണൂർ പുഴാതി, താവക്കര എന്നിവിടങ്ങളില്‍ നിന്നും ഡിങ്കി ബോട്ടില്‍ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി ദുരിതമുണ്ടായി. കനത്ത കാറ്റിലും മഴയിലും പലയിടങ്ങളിലും വീടുകള്‍ തകർന്നു. കനത്ത വെള്ളക്കെട്ടിനെ തുടർന്ന് തിരുവല്ല അമ്ബലപ്പുഴ സംസ്ഥാനപാതയില്‍ വൻ ഗതാഗത കുരുക്ക്. നെടുമ്ബ്രം അന്തി ചന്ത മുതല്‍ ആശുപത്രി പടി വരെയുള്ള ഒരു കിലോമീറ്റർ ദൂരത്ത് രൂപപ്പെട്ട വെള്ളക്കെട്ടാണ് ഗതാഗത തടസ്സത്തിന് ഇടയാക്കിയിരിക്കുന്നത്. കണ്ണൂർ രാമന്തളി പാലക്കോട് വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. പാലക്കോട് സ്വദേശി സുലൈമാൻ, ഇബ്രാഹിം എന്നിവരുടെ വീടിനുമുകളിലേക്കാണ് മണ്ണിടിഞ്ഞത്. ഒരു വീടിൻറെ അടുക്കള ഭാഗം മുഴുവനായും മണ്ണുമൂടി. റെഡ് അലേർട്ട് ഉള്ള കാസർഗോഡ് ജില്ലയില്‍ ശക്തമായ മഴയില്‍ നിരവധിയിടങ്ങളില്‍ വെള്ളം കയറി. മൂളിയാറില്‍ 18 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മൊഗ്രാല്‍ പുഴ, തേജ്വസിനി പുഴ, ഉപ്പള പുഴ തീരങ്ങളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കി. മഞ്ചേശ്വരം താലൂക്കിലാണ് വെള്ളക്കെട്ട് രൂക്ഷമായത്.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലേർട്ട് ആണ്. നാളെ എല്ലാ ജില്ലകളിലും മഞ്ഞ അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകള്‍ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പുമുണ്ട്.
0 Comments