പഞ്ചാബിനെ പഞ്ചറാക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിൽ; ഫിൽ സാൾട്ടിന് അര്‍ധ സെഞ്ച്വറി




മൊഹാലി:ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിൽ. ക്വാളിഫയര്‍-1ൽ കരുത്തരായ പഞ്ചാബ് കിംഗ്സിനെ 8 വിക്കറ്റിന് തകര്‍ത്താണ് ആര്‍സിബി ഫൈനലിലെത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ ഫിൽ സാൾട്ടിന്റെ തകര്‍പ്പൻ പ്രകടനമാണ് ആര്‍സിബിയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്. 102 റൺസ് വിജയലക്ഷ്യം 10 ഓവറുകൾ ബാക്കി നിര്‍ത്തി ആര്‍സിബി മറികടന്നു.

പവര്‍ പ്ലേയിൽ തന്നെ ആര്‍സിബി വിജയലക്ഷ്യത്തിലേയ്ക്ക് അതിവേഗം കുതിക്കുന്ന കാഴ്ചയാണ് കാണാനായത്. 12 പന്തിൽ 12 റൺസ് നേടിയ വിരാട് കോലിയ്ക്ക് തിളങ്ങാനായില്ല. എന്നാൽ, ഒരറ്റത്ത് തകര്‍പ്പൻ ഫോമിലായിരുന്ന സാൾട്ട് അനായാസം സ്കോര്‍ ഉയര്‍ത്തിയതോടെ ആര്‍സിബി വിജയലക്ഷ്യത്തിലേയ്ക്ക് അതിവേഗം അടുത്തു. ഇതിനിടെ 13 പന്തിൽ 19 റൺസ് നേടിയ മായങ്ക് അഗര്‍വാളിനെ മുഷീര്‍ ഖാൻ പുറത്താക്കി. തുടര്‍ന്ന് 23 പന്തിൽ സാൾട്ട് അര്‍ധ സെഞ്ച്വറി തികച്ചു. 10-ാം ഓവറിൽ തന്നെ ആര്‍സിബി വിജയലക്ഷ്യം മറികടക്കുകയും ചെയ്തു. സാൾട്ട് 56 റൺസുമായും നായകൻ രജത് പാട്ടീദാര്‍ 15 റൺസുമായും പുറത്താകാതെ നിന്നു.

നേരത്തെ, സുയാഷ് ശർമ്മയും ജോഷ് ഹേസൽവുഡും ചേർന്നാണ് പഞ്ചാബ് കിംഗ്സ് ബാറ്റര്‍മാരെ എറിഞ്ഞിട്ടത്. രണ്ട് പേരും 3 വിക്കറ്റുകൾ വീതമാണ് സ്വന്തമാക്കിയത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ആർസിബി പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിംഗ്, ശ്രേയസ് അയ്യർ, ജോഷ് ഇംഗ്ലിസ് തുടങ്ങിയവരുടെ വിക്കറ്റുകൾ പവര്‍ പ്ലേ പൂര്‍ത്തിയാകും മുമ്പ് തന്നെ വീഴ്ത്തിയതാണ് പഞ്ചാബിന് തിരിച്ചടിയായത്. ബാറ്റിംഗ് നിര പൂർണ്ണമായും തകർന്നപ്പോൾ പഞ്ചാബിന് 14.1 ഓവറിൽ 101 റൺസ് നേടാനെ സാധിച്ചുള്ളൂ. ഇതോടെ പഞ്ചാബ് കിംഗ്‌സ് ഐപിഎൽ പ്ലേഓഫുകളുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോര്‍ എന്ന നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്തു.

Post a Comment

0 Comments