കാർഷിക അറിവുകൾ

 

വിള വര്‍ധനയ്ക്ക് 'വാം'

മണ്ണില്‍ ധാരാളമായി കാണുന്ന ഫോസ്‌ഫേറ്റുകളെ ലയിപ്പിക്കാന്‍ കഴിവുള്ള കുമിളാണ് 'വാം' എന്ന് ചുരുക്കത്തിലറിയപ്പെടുന്ന വെസിക്കുലര്‍ ആര്‍ബസ്‌കുലര്‍ മൈക്കോറൈസ.

നമ്മുടെ മണ്ണില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയ പ്രാഥമിക മൂലകമാണ് ഫോസ്ഫറസ്. മണ്ണില്‍ ധാരാളമുണ്ടെങ്കിലും അത് ഫോസ്‌ഫേറ്റുകളായി രൂപാന്തരപ്പെട്ടിരിക്കുന്നതിനാല്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ ചെടികള്‍ക്ക് ലഭ്യമാകുന്നുള്ളൂ.

എന്നാല്‍ ഒരു ചെടിയുടെ ഊര്‍ജത്തിന്റെ മുഴുവന്‍ സ്രോതസ്സും ഫോസ്ഫറസ് ആയതുെകാണ്ട് കോശങ്ങളുടെ വളര്‍ച്ചയ്ക്കും വര്‍ധനയ്ക്കും പുഷ്പിക്കാനും വിത്തുണ്ടാകാനും ഈ പ്രാഥമിക മൂലകം കൂടിയേ തീരൂ. മണ്ണില്‍ ധാരാളമായി കാണുന്ന ഫോസ്‌ഫേറ്റുകളെ ലയിപ്പിക്കാന്‍ കഴിവുള്ള കുമിളാണ് 'വാം' എന്ന് ചുരുക്കത്തിലറിയപ്പെടുന്ന വെസിക്കുലര്‍ ആര്‍ബസ്‌കുലര്‍ മൈക്കോറൈസ. ഫോസ്ഫറസിന്റെ ലഭ്യത കൂട്ടുന്നതിനോടൊപ്പം പ്രതികൂല കാലാവസ്ഥയെയും രോഗാണുക്കളെയും ചെറുക്കുന്നതിനുള്ള കഴിവും 'വാം' ചെടികള്‍ക്ക് പ്രദാനം ചെയ്യുന്നു.

'വാം' സസ്യങ്ങളുടെ വേരുകളോട് ചേര്‍ന്നു മാത്രമേ പ്രവര്‍ത്തന നിരതമാകുകയുള്ളൂ. വിത്തില്‍ പുരട്ടിയും തവാരണകളില്‍ കൂടിയും കമ്പോസ്റ്റില്‍ ചേര്‍ത്തും വാം ഉപയോഗിക്കാം. നെല്ലറയില്‍ വിത്തു പാകുമ്പോള്‍ ചേര്‍ത്തു കൊടുത്താല്‍ തവാരണയില്‍ നിന്നും തൈകള്‍ പറിച്ചുനടുമ്പോള്‍ അവയുടെ വേരുകളില്‍ കൂടി മൈക്കോറൈസ കൃഷിയിടം മുഴുവന്‍ വ്യാപിപ്പിക്കാം. നേരിട്ട് വിത്തുപാകി വളര്‍ത്തുന്ന പച്ചക്കറികളില്‍ വിത്തുപാകുന്നതിനോടൊപ്പം കുഴിയൊന്നിന് 20 ഗ്രാം മൈക്കോറൈസയും ചേര്‍ത്ത് കൊടുക്കാം.

മൈക്കോറൈസ എന്ന വേരുകുമിള്‍ ചേര്‍ത്ത് കൃഷിചെയ്താല്‍ മരച്ചീനിയില്‍ 20 ശതമാനംവരെ വിളവര്‍ധന ഉറപ്പിക്കാമെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയിലെ പഠനങ്ങള്‍ തെളിയിക്കുന്നു. വേരിനകത്ത് പരസ്പരസഹകരണത്തോടെയാണ് മൈക്കോറൈസയുടെ വാസം. ഗ്രീക്കുപദമായ മൈക്കോറൈസ എന്നാല്‍ വേരില്‍ (റൈസ) ജീവിക്കുന്ന കുമിള്‍ (മൈക്കോ) എന്നാണ് അര്‍ഥം. അന്നജത്തിനായി ചെടികളെ ആശ്രയിക്കുന്ന മൈക്കോറൈസ ധാരാളം പോഷകമൂലകങ്ങള്‍ തിരിച്ചുനല്‍കിയാണ് സഹവാസത്തിലേര്‍പ്പെടുന്നത്.

മൈക്കോറൈസ മണ്ണിലെ ഫോസ്ഫറസിന്റെയും സൂക്ഷ്മമൂലകങ്ങളുടെയും ലഭ്യത കൂട്ടുകയും ജലലഭ്യത ഉറപ്പുവരുത്തുകയും ചെയ്യും. മൈക്കോറൈസയുടെ തന്തുക്കള്‍ വേരുകളെ അപേക്ഷിച്ച് നേര്‍ത്തതായതിനാല്‍ ജലവും മൂലകങ്ങളും വലിച്ചെടുക്കുന്നതിനുള്ള പ്രതലവും കൂടുന്നു. ഇലയില്‍ പ്രകാശസംേശ്‌ളഷണം വഴി പാകം ചെയ്ത അന്നജം വേരിലേക്ക് നീക്കുന്നു. ഫലം വേരുവളര്‍ച്ച വര്‍ധിക്കുന്നു. മരച്ചീനിയില്‍ കിഴങ്ങുകളുടെ എണ്ണവും വലിപ്പവും കൂട്ടാന്‍ മൈക്കോറൈസയ്ക്ക് കഴിയും. തണ്ടുമുറിച്ചുനട്ട് വളര്‍ത്തുന്ന മരച്ചീനി ഉള്‍പ്പെടെയുള്ള കിഴങ്ങുവര്‍ഗ വിളകളില്‍ അഞ്ച് ഗ്രാം മൈക്കോറൈസയാണ് തണ്ടില്‍ പുരട്ടേണ്ടത്. മൈക്കോറൈസ ഉപയോഗിച്ചപ്പോള്‍ 2 ടണ്‍ അധികവിളവ് ഒരേക്കറില്‍ നിന്നു ലഭിച്ചതായി മരച്ചീനി കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

പ്രതിവര്‍ഷം 100 ടണ്‍ ജീവാണുവളം ഉത്പാദിപ്പിക്കുന്ന നമ്മുടെ നാട്ടില്‍ ശരിയായ രീതിയില്‍ പ്രയോഗിക്കുകയാണെങ്കില്‍ മണ്ണിന്റെ വളക്കൂറും ഉത്പാദന ക്ഷമതയും ഗുണമേന്മയും ഒപ്പം വിള വര്‍ധനയും ഉറപ്പിക്കാം.```

വിത്ത് നടീലും തൈ സംരക്ഷണവും

ജൈവ കൃഷി രീതിയില്‍ മികച്ച വിത്തിനങ്ങള്‍ നല്ല പരിതസ്ഥിതിയില്‍ നട്ട് മുളപ്പിച്ച് പരിപാലിച്ചാലേ ചെടികള്‍ക്ക് ആരോഗ്യവും മികച്ച വിളവ് ലഭിക്കുകയും ചെയ്യൂ.

ഓരോ വിത്തും മുളയ്ക്കുന്നതും അത് സമൃദ്ധമായി വളരുന്നതും മികച്ച വിളവ് പ്രദാനം ചെയ്യുന്നതും നടീലിന്റെയും തൈ പരിചരണത്തിന്റെയും രീതിയുടെ മികവനുസരിച്ചാണ്. വിത്ത്  മുളപ്പിക്കാനും തൈകള്‍ നടാനും കര്‍ഷകര്‍ ഒരുക്കുന്ന ജൈവ പരിതസ്ഥിതിയും ഇതിനെ സ്വാധീനിക്കുന്നു.

ജൈവ കൃഷി രീതിയില്‍ മികച്ച വിത്തിനങ്ങള്‍ നല്ല പരിതസ്ഥിതിയില്‍ നട്ട് മുളപ്പിച്ച് പരിപാലിച്ചാലേ ചെടികള്‍ക്ക് ആരോഗ്യവും മികച്ച വിളവ് ലഭിക്കുകയും ചെയ്യൂ.

തടമൊരുക്കല്‍

```ജൈവ കൃഷി രീതിയില്‍ തടമൊരുക്കലും നിലമൊരുക്കലും വാരം കോരലും അതിപ്രാധാന്യമര്‍ഹിക്കുന്നു. നിശ്ചിത അളവിലും നീര്‍വാര്‍ച്ചയിലുമുള്ള തടങ്ങളാണൊരുക്കേണ്ടത്.

പയര്‍, വെണ്ട, ചീര, തക്കാളി, വഴുതിന എന്നിവയുടെ കൃഷിക്ക് നീളത്തില്‍ രണ്ടടി വീതിയിലും ഒരടി ഉയരത്തിലുമുള്ള തടങ്ങളാണുത്തമം. മണ്ണ് കിളച്ച് പൊടിയാക്കി അതില്‍ അടിവളം വെണ്ണീര്‍ (കരിയില കത്തിച്ചത്, ചാരപ്പുളിയുള്ളതാവരുത്) എന്നിവ ചേര്‍ത്തൊരുക്കിയ മണ്ണാണ് തടമാക്കേണ്ടത്. പയര്‍പോലെ വള്ളിയായിപ്പടരുന്ന തൈകള്‍ നട്ട് പരിചരിക്കുമ്പോള്‍ അത് പടര്‍ന്നു കയറാനുള്ള സൗകര്യം കൂടി നാം കാണണം. തക്കാളി, വഴുതിന എന്നിങ്ങനെ താങ്ങു കൊടുക്കേണ്ടയിനങ്ങള്‍ക്ക് അതിനുള്ള സ്ഥലസൗകര്യം വാരങ്ങള്‍ക്കിടയില്‍ വേണ്ടത് അത്യാവശ്യമാണ്. രണ്ട് വാരങ്ങള്‍ക്കിടയില്‍ നടക്കാനും ജലസേചനത്തിനും കളപറിക്കാനും വളം നല്‍കാനുമുള്ള വഴി സൗകര്യം വേണം.

വെണ്ട, വഴുതിന പോലുള്ള പച്ചക്കറികള്‍ നടുമ്പോള്‍ ഇലകള്‍ തമ്മില്‍ കോര്‍ത്തുപോവാത്ത തരത്തില്‍ 2ത2 അടി അകലം തൈകള്‍ തമ്മില്‍ പാലിക്കണം. പയറിന്റെ തൈകള്‍ തമ്മിലും തടത്തില്‍ കുറഞ്ഞത് രണ്ടടിയെങ്കിലും അകലം ആവശ്യമാണ്.

കാബേജ്, കോളിഫ്‌ളവര്‍ എന്നിവയ്ക്ക് മൂന്നടി വീതിയിലും ഒരടി ഉയരത്തിലുമുള്ള നീളന്‍ തടങ്ങളെടുക്കാം. ഇതില്‍ വീതി ഭാഗത്തിന്റെ രണ്ടറ്റത്തും ഓരോ ചെടി വീതം നിരനിരയായി നട്ട് പരിചരിക്കാം.

തവാരണകളില്‍ മുളപ്പിച്ചെടുക്കുന്ന വിത്തുകള്‍ക്ക് തവാരണയൊരുക്കുന്നതിലും ശ്രദ്ധവേണം. അധികം ആഴത്തില്‍ വിത്ത് ആഴ്‌ത്തേണ്ടാത്തവയാണ് സാധാരണ നാം തവാരണകളില്‍ മുളപ്പിക്കാറ്. ചീര, തക്കാളി, വഴുതിന എന്നിവയും കാബേജ്, കോളിഫ് ളവര്‍, മുളക് എന്നിവയും ഇങ്ങനെ തവാരണകളില്‍ മുളപ്പിച്ചെടുക്കുന്നവയാണ്. നന്നായി വെയിലേല്‍ക്കുന്ന സ്ഥലത്താണ് തവാരണയൊരുക്കേണ്ടത്. കൃഷിഭൂമിയില്‍ നിന്ന് അല്പം ഉയരത്തില്‍ (അരയടി) ആണ് ഇതിന്  മണ്ണ് കൂട്ടേണ്ടത്. 3*3 അടി വിസ്താരത്തില്‍ തടം കൂട്ടിയതിന് ശേഷം അതിന്റെ മുകള്‍ ഭാഗത്തെ മണ്ണ് നന്നായി പൊടിയാക്കിയെടുക്കണം.

ചീര, തക്കാളി മുതലായവയുടെ വിത്തുകള്‍ ചെറുതായതിനാല്‍ മുളച്ച് പൊന്തുവാന്‍ പൊടിമണ്ണ് അത്യാവശ്യമാണ്. ഇങ്ങനെ പൊടിയാക്കിയ മണ്ണിലേക്ക് ചാണകപ്പൊടി വേപ്പിന്‍പിണ്ണാക്ക് പൊടിച്ചത് എന്നിവ ചേര്‍ക്കാം. നന്നായി നനച്ചതിന് ശേഷം അതിന് മുകളിലാണ് ചെറിയവിത്തുകള്‍ വിതറേണ്ടത്. ഇവ വിതറുന്നതിന് മുമ്പ് കുറച്ച് സ്യൂഡോമോണസ് പൊടിയുമായി കൂട്ടിക്കലര്‍ത്താം. കുറച്ച് മഞ്ഞള്‍ പൊടിയുമായി കൂട്ടിക്കലര്‍ത്തുന്നത് ഉറുമ്പ്, ചിതല്‍ എന്നിവ വിത്ത് കൊണ്ടുപോവുന്നത് തടയും. കുറച്ച് റവ അതായത് വിത്തിന്റെ മൂന്നിരട്ടിയിലധികം വിത്തുമായി കൂട്ടിക്കലര്‍ത്തി വിതറിയാല്‍ അത് മുഴുവന്‍ ഉറുമ്പ് കൊണ്ടുപോയതിന് ശേഷമേ വിത്തിനെ തൊടൂ. ആ സമയം കൊണ്ട് വിത്തിന് മുളപൊട്ടും. അങ്ങനെയും വിത്തിനെ രക്ഷിച്ചെടുത്ത് മുളപ്പിക്കാം.

തവാരണകളില്‍ മുളപ്പിച്ചെടുക്കുന്ന തൈകള്‍ രണ്ടാഴ്ചയെങ്കിലും കഴിഞ്ഞശേഷം മാത്രമേ തടത്തിലേക്ക് പറിച്ചു നടാവൂ. അത് വൈകുന്നേരങ്ങളില്‍ മാത്രമേ മാറി നടാവൂ. നല്ല വെയിലേല്‍ക്കുന്ന സ്ഥലങ്ങളിലാണെങ്കില്‍ 'വാട്ടം' കുത്തുകയെന്നൊരു പരമ്പരാഗത രീതിയുണ്ട്. വലിയ ഇലകള്‍ പറിച്ചെടുത്ത് പുതുതായി നട്ട ചെടിക്ക് വെയിലേല്‍ക്കാതെ കുത്തിക്കൊടുക്കുന്നതാണിത്. പറിച്ച് മാറ്റിനടുന്നതിന് മുമ്പ് അഞ്ച് ഗ്രാം സ്യൂഡോമോണസ് കലക്കിയ ലായനിയില്‍ ചെടിയുടെ വേരുകള്‍ മുക്കുന്നത് വേഗം വേരുപിടിക്കാനും വളര്‍ച്ചയ്ക്കും സഹായിക്കും.

ചീര, തക്കാളി, വഴുതിന, കാബേജ്, കോളിഫഌര്‍, മുളക് എന്നിവയുടെ വേരുകള്‍ ലായനിയില്‍ മുക്കാം. നല്ല നീര്‍വാര്‍ച്ചയുള്ള വെയില്‍ ലഭിക്കുന്ന തടത്തിലേക്കാണ് തൈകള്‍ മാറ്റി നടേണ്ടത്. ദിവസം രണ്ടുനേരം ചെറുതായി നനച്ചു കൊടുത്താല്‍ വേഗം വേരുപിടിക്കും. വേരുപിടിച്ചാല്‍ ഗോമൂത്രം പത്തിലൊന്നായി നേര്‍പ്പിച്ച് ചെടിക്ക് നല്‍കാം. വിത്ത് മുളപ്പിക്കാന്‍ വിതറിയാലും ഈര്‍പ്പം നിലനിര്‍ത്തണം. വിത്ത് വിതറിയ തവാരണയില്‍ പതുക്കെ കുടഞ്ഞോ മണ്ണിനെ മുട്ടിച്ച് ഒഴിച്ചോ ആണ് നനയ്‌ക്കേണ്ടത്. വേഗത്തിലും ശക്തിയിലും വെള്ളമൊഴിച്ചാല്‍ തവാരണകളില്‍ മുളപൊട്ടുന്ന മുളകള്‍ നശിച്ചുപോകും.

പടവലം, കയ്പക്ക, ചുരങ്ങ എന്നിങ്ങനെ പന്തലുകെട്ടി വളര്‍ത്തേണ്ടയിനങ്ങളും തടത്തില്‍ മുളപ്പിക്കാം. 3*3 വിസ്താരത്തിലുള്ള തടത്തില്‍ പരമാവധി നാല് തൈകള്‍ മാത്രം നട്ട് പരിചരിച്ചാല്‍ മതി. വിത്ത് നടുന്നതിന് മുമ്പ് സ്യൂഡോമോണസ് പൊടി കൊണ്ട് പരിചരിക്കാം. വിത്ത് നട്ടതിന് ശേഷം ഈര്‍പ്പം നിലനിര്‍ത്താന്‍ രാവിലെയും വൈകിട്ടും തുള്ളി നന നടത്താം. തടത്തില്‍ വെള്ളം കെട്ടി നിന്നാല്‍ വിത്ത് ചീഞ്ഞുപോവും. വിത്ത് മുളച്ച് മൂന്നാമത്തെ ഇല പൂര്‍ണമായും വിരിഞ്ഞാല്‍ മാത്രമേ ജൈവ വളങ്ങള്‍ വലിയ തോതില്‍ ചേര്‍ക്കാവൂ. അതുവരെ ഗോമൂത്രം, സ്‌ളറി എന്നിവ പത്തിലൊന്ന് നേര്‍പ്പിച്ച് തൈകള്‍ക്ക് ഒഴിക്കാം. തൈകളുടെ ചുറ്റുപാടുമാണൊഴിക്കേണ്ടത്. നേരെ ചുവട്ടിലൊഴിച്ചാല്‍ വേരിളകി തൈ ഉണങ്ങാനിടയാകും. ചെറിയ തൈകളെ കോഴികള്‍ മറ്റ് ജീവികള്‍ എന്നിവ നശിപ്പിക്കുന്നത് തടയാന്‍ കുലച്ചില്‍, ഓല എന്നിവ തടത്തിന് ചുറ്റും വെച്ച് സംരക്ഷണം നല്‍കാം.

മത്തന്‍, ഇളവന്‍, വെള്ളരി എന്നിവയ്ക്കും തടമെടുക്കുമ്പോള്‍ കരുതണം. നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലമാണെങ്കില്‍ കൃഷി സ്ഥലത്ത് താഴ്ത്തി തടമെടുക്കാം. എളുപ്പം വെള്ളം കെട്ടിനില്‍ക്കുന്നയിടങ്ങളില്‍ ഒരടിയുയര്‍ത്തി വാരം കോരി തടമുണ്ടാക്കാം. തടമൊരുക്കിയതിന് ശേഷം വിത്ത് തുണിയില്‍ കെട്ടി ചാണകവെള്ളത്തില്‍ പുതിര്‍ത്തുവെച്ച് ചെറുതായി മുള പൊട്ടുമ്പോള്‍ നടുന്നതാണ് പരമ്പരാഗത രീതി. അങ്ങനെ നടുമ്പോള്‍ നമുക്ക് വിത്ത് നഷ്ടമാവാതെ സംരക്ഷിക്കാം. വിത്ത് നടുമ്പോള്‍ വൈകുന്നേരം തിരഞ്ഞെടുക്കാം. നല്ല വെയില്‍ ലഭിക്കുന്ന സ്ഥലമാണെങ്കില്‍ രാവിലെ നട്ടാല്‍  ഉച്ചവെയിലില്‍ വേരിന്റെ ഭാഗം വാടികരിഞ്ഞ് തൈ പിടിക്കാതെ പോവും. 3*3 വിസ്താരമുള്ള തടത്തില്‍ ഇവയും നാലില്‍ കൂടുതല്‍ നിര്‍ത്തരുത്. അധികമുള്ളതില്‍ കരുത്തില്ലാത്തതിനെ പറിച്ചു മാറ്റി വേറെ തടത്തില്‍ നടാവുന്നതാണ്. നാലാമത്തെ ഇല വിരിയുന്നതുവരെ ഇവയ്ക്കും മുള്ളുകൊണ്ടോ ഓലമടല്‍ കൊണ്ടോ സംരക്ഷണം നല്‍കാവുന്നതാണ്. ചില കര്‍ഷകര്‍ വെണ്ടയും പയറും ഇങ്ങനെ മുളപ്പിച്ച് നടാറുണ്ട്.

പോട്ടിങ്ങ് മിശ്രിതം നിറച്ച ട്രേകളിലും പ്ലാസ്റ്റിക് കവറുകളിലും വിത്തുകള്‍ നട്ട് മുളപ്പിച്ച് മാറ്റിനടാറുണ്ട്. അവ മൂന്നിലകള്‍ വന്നതിന് ശേഷമേ മാറ്റി നടാവൂ. ഇങ്ങനെ നടുമ്പോള്‍ പുതിയ മണ്ണില്‍ വേരുപിടിച്ചു വരുന്നത് വരെ തൈകള്‍ ശേഷിക്കുറവ് കാണിക്കാറുണ്ട്.

എന്തായാലും വിത്തുകളില്‍ നിന്ന് പരമാവധിയെണ്ണത്തിനെ സംരക്ഷിച്ച് മുളപ്പിക്കുകയും അവയെ തൈകളാക്കി വളര്‍ത്തി പരിപോഷിപ്പിക്കുകയുമാണ് ഉത്തമ കര്‍ഷകന്റെ കടമ. അതിന് ക്ഷമയും ശ്രദ്ധയും കഠിനാദ്ധ്വാനവും കൂടിയേ കഴിയൂ.```

കടപ്പാട് : ഓൺലൈൻ
അനൂപ് വേലൂർ

Post a Comment

0 Comments