സിവിൽ സർവീസ് ഉദ്യോഗസ്ഥരാകാൻ കൊതിക്കാത്തവരുണ്ടാകില്ല. ആഗ്രഹം മാത്രം പോര, വലിയ പരിശ്രമം തന്നെ സിവിൽ സർവീസ് നേടിയെടുക്കാൻ ആവശ്യമാണ്. എല്ലാവർഷവും യൂനിയൻ സർവീസ് കമീഷൻ ആണ്(യു.പി.എസ്.സി) പരീക്ഷ നടത്തുന്നത്. മൂന്നുഘട്ടങ്ങളായാണ് പരീക്ഷ നടക്കുക. ആദ്യഘട്ടം പ്രിലിമിനറി പരീക്ഷ. അടുത്തത് മെയിൻ പരീക്ഷ. ഏറ്റവുമൊടുവിൽ ഇന്റർവ്യൂ.ഈ മൂന്നു കടമ്പകളും കടന്ന് ഐ.പി.എസ് ഉദ്യോഗസ്ഥയായ ഒരാളെ കുറിച്ചാണ് പറയാൻ പോകുന്നത്. പഠിക്കാൻ അതിയായി ആഗ്രഹിച്ച, ജോലി ചെയ്യുന്നത് സ്വപ്നം കണ്ട ഒരു പെൺകുട്ടിയായിരുന്നു എൻ. അംബിക. തമിഴ്നാട് ആണ് സ്വദേശം. എന്നാൽ വീട്ടുകാർ 14ാം വയസിൽ അംബികയുടെ വിവാഹം നടത്തി. അതോടെ സ്കൂൾ പഠനം അവസാനിപ്പിക്കേണ്ടി വന്നു. പൊലീസ് ഉദ്യോഗസ്ഥനായിരുന്നു അംബികയുടെ വരൻ. 18 വയസായപ്പോഴേക്കും രണ്ടു കുട്ടികളുടെ അമ്മയായി അംബിക. ഒരിക്കൽ ഭർത്താവിനൊപ്പം റിപ്പബ്ലിക് പരേഡ് കാണാൻ പോയതാണ് അംബികയുടെ ജീവിതത്തിൽ വഴിത്തിരിവായത്. മുതിർന്ന പൊലിസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ആദരവും അംഗീകാരവും അംബികയെ വല്ലാതെ ആകർഷിച്ചു. അക്കാര്യം വീട്ടിലെത്തിയപ്പോൾ ഭർത്താവിനോട് സൂചിപ്പിച്ചു. തനിക്കും ഐ.പി.എസുകാരിയാവണം എന്നും പറഞ്ഞുവെച്ചു. ആഗ്രഹമൊക്കെ കൊള്ളാം, എന്നാൽ എളുപ്പമല്ല എന്നായിരുന്നു ഭർത്താവിന്റെ മറുപടി. അംബികയാണെങ്കിൽ സ്കൂൾ പഠനം പോലും നിർത്തിയിട്ട് വർഷങ്ങളായി. അങ്ങനെയൊരാൾ ഐ.പി.എസുകാരിയാകാൻ കൊതിക്കുന്നത് അതിമോഹമാണെന്നേ കേൾക്കുന്നവർ പറയുകയുള്ളൂ. പിൻമാറാൻ ആ പെൺകുട്ടി തയാറായില്ല. 10ാം ക്ലാസ് വിജയിക്കുകയായിരുന്നു ആദ്യ കടമ്പ. കുഞ്ഞുങ്ങളെയും കൊണ്ട് പഠിക്കുക എന്നത് വലിയ സാഹസമായിരുന്നെങ്കിലും അംബിക 10ാം ക്ലാസ് പൂർത്തിയാക്കി. പിന്നീട് 12 ാം ക്ലാസും വിജയിച്ചു. പിന്നീട് വിദൂര വിദ്യാഭ്യാസം വഴി ബിരുദവും നേടി. ഡിണ്ടിഗൽ ആണ് അംബികയുടെ സ്വദേശം. അവിടെ സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങളൊന്നുമുണ്ടായിരുന്നില്ല. പഠനം ഗൗരവമായി തന്നെ കണ്ട അംബിക ചെന്നെയിലേക്ക് മാറി. ഐ.പി.എസുകാരിയാവണമെന്ന് അംബിക വെറുതെ പറഞ്ഞതല്ലെന്ന് ബോധ്യപ്പെട്ട ഭർത്താവ് എല്ലാ പിന്തുണയും നൽകി. അംബിക ചെന്നൈയിൽ സിവിൽ സർവീസിന് തയാറെടുക്കുമ്പോൾ അദ്ദേഹം കുട്ടികളെ സംരക്ഷിച്ചു. അമ്മയുടെ അസാന്നിധ്യം അറിയിക്കാതെ അവരെ വളർത്തി. അംബികയുടെ മുന്നോട്ടുള്ള യാത്രയിൽ അത് നിർണായകവുമായി. മൂന്ന് തവണ സിവിൽ സർവീസ് പരീക്ഷയെഴുതിയപ്പോഴും അംബിക പരാജയപ്പെട്ടു. വീട്ടിലേക്ക് മടങ്ങിവരാൻ പ്ലാനുണ്ടോ എന്ന് ഭർത്താവ് ചോദിച്ചപ്പോൾ ഒരു ചാൻസ് കൂടി തരാനായിരുന്നു അവർ ആവശ്യപ്പെട്ടത്. ഭാഗ്യവശാൽ, നാലാംശ്രമത്തിൽ അംബിക തന്റെ സ്വപ്നം പൂവണിയിക്കുക തന്നെ ചെയ്തു. 2008ലായിരുന്നു അത്. മൂന്നാമതും തോറ്റപ്പോൾ മനംമടുത്ത് എല്ലാം നിർത്തി മടങ്ങിപ്പോയിരുന്നെങ്കിൽ അംബികയുടെ ജീവിതം മറ്റൊരു വഴിക്ക് നീങ്ങുമായിരുന്നു. എന്നാൽ നിശ്ചയദാർഢ്യവും കഠിനാധ്വാനവും മാത്രം മുറുകെ പിടിച്ചാണ് ഒട്ടും ഉറപ്പില്ലാത്ത ഒരു യാത്രയിൽ അംബികയ വിജയിച്ചത്. ആദ്യ പോസ്റ്റിങ് മഹാരാഷ്ട്രയിലായിരുന്നു.
കടപ്പാട്: ഓൺലൈൻ.
0 Comments