യാത്രക്കാരുടെ ശ്രദ്ധക്ക്: ട്രെയിനുക‍ളിലെ വെയ്റ്റിങ് ലിസ്റ്റ് പരിധി ഉയര്‍ത്തി.


വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകളുടെ കാര്യത്തില്‍ യാത്രക്കാർക്ക് താത്കാലിക ആശ്വാസം. ട്രെയിനുകളിലെ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ ബെർത്തിന്‍റെ എണ്ണത്തിന്‍റെ 25 ശതമാനമായി വെട്ടിക്കുറച്ച നടപടി പിൻവലിക്കാൻ റെയില്‍വേ ബോർഡ് തീരുമാനം.

യാത്രക്കാരില്‍ നിന്നും റെയില്‍വേയുടെ വിവിധ വിഭാഗങ്ങളില്‍ നിന്നും പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് റെയില്‍വേ ബോർഡ് ആദ്യമെടുത്ത തീരുമാനം റദ്ദാക്കിയത്.

റെയില്‍വേ ബോർഡ് പാസഞ്ചർ മാർക്കറ്റിങ് വിഭാഗം ഡയറക്‌ടറുടെ പുതിയ ഉത്തരവില്‍, ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനുകളില്‍ നിന്ന് ഓരോ വിഭാഗത്തിലെയും മൊത്തം ബെർത്തുകളുടെ എണ്ണത്തിൻ്റെ 60 ശതമാനം വരെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ നല്‍കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇടയ്ക്കുള്ള സ്റ്റേഷനുകളില്‍നിന്ന് കയറുകയും ഇറങ്ങുകയും ചെയ്യുന്നവർക്ക് അത് 30 ശതമാനമായിരിക്കും. റിസർവേഷൻ കോച്ചുകളില്‍ തിരക്ക് കൂടുന്നു എന്ന് പറഞ്ഞാണ് വെയ്റ്റിങ് ലിസ്റ്റ് ജൂണ്‍ 16-മുതല്‍ റെയില്‍വേ വെട്ടിക്കുറച്ചത്. പക്ഷേ, തീരുമാനം വന്ന് ഒരാഴ്ചക്കകം തന്നെ, ഇത് അപ്രായോഗികമാണെന്ന് വിദഗ്‌ധർ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച ടിക്കറ്റ് എടുക്കാൻ ശ്രമിച്ചപ്പോള്‍ ടിക്കറ്റില്ല എന്ന് കാണിച്ച പല ട്രെയിനുകളും, അവസാന നിമിഷം വൻതോതില്‍ കാൻസലേഷൻ വന്നതു കാരണം ബെർത്തുകള്‍ ഒഴിഞ്ഞാണ് സർവീസ് നടത്തിയത്.

Post a Comment

0 Comments