കേരളത്തില്‍ ട്രെയിൻ സര്‍വീസുകള്‍ക്ക് നിയന്ത്രണം; നാളെയും മറ്റന്നാളും പരശുറാം എക്സ്പ്രസ് തിരുവനന്തപുരം വരെ മാത്രം.





തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ട്രെയിൻ സര്‍വീസുകളില്‍ നിയന്ത്രണം. തിരുവനന്തപുരം റെയില്‍വേ ഡിവിഷന് കീഴില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് വിവിധ ട്രെയിനുകള്‍ക്ക് ഭാഗികമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.ചില ട്രെയിൻ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കുകയും മറ്റ് ചിലത് വഴി തിരിച്ചുവിടുകയും ചെയ്യുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്.

മംഗളൂരുവില്‍ നിന്നും കന്യാകുമാരി വരെ പോകുന്ന പരശുറാം എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ബാധകമാകും. നാളെയും മറ്റന്നാളും (ജൂലൈ 6,7) പരശുറാം എക്സ്പ്രസ് തിരുവനന്തപുരം വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ. ഷൊര്‍ണൂര്‍ ജംഗ്ഷൻ - തൃശൂര്‍ പാസഞ്ചറിന്റെ (56605) ജൂലൈ 19, 28 എന്നീ ദിവസങ്ങളിലെ സര്‍വീസ് പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ജൂലൈ 9നുള്ള തിരുച്ചിറപ്പള്ളി - തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് വള്ളിയൂരിനും തിരുവനന്തപുരത്തിനുമിടയില്‍ സര്‍വീസ് നടത്തില്ല. ഇതിന് പുറമെ ജൂലൈ 25നുള്ള എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെ (12695) സര്‍വീസ് കോട്ടയത്ത് അവസാനിക്കും.

12696 തിരുവനന്തപുരം സെൻട്രല്‍ - എംജിആർ ചെന്നൈ സൂപ്പർഫാസ്റ്റ് 26ന് കോട്ടയത്ത് നിന്നാണ് സര്‍വീസ് ആരംഭിക്കുക. ജൂലൈ 29ന് തൃശൂർ - കണ്ണൂർ എക്സ്പ്രസ് (16609 ) ഷൊര്‍ണൂരില്‍ നിന്നാണ് പുറപ്പെടുക. ജൂലൈ 7, 8 തീയതികളില്‍ കന്യാകുമാരി - മംഗളൂരു പരശുറാം എക്സ്പ്രസ് (16650) തിരുവനന്തപുരത്ത് നിന്നാണ് സര്‍വീസ് ആരംഭിക്കുക. ജൂലൈ 19നുള്ള എറണാകുളം ജംഗ്ഷൻ - ഹസ്രത് നിസാമുദ്ദീൻ എക്സ്പ്രസിന്റെ (12645) സമയക്രമത്തില്‍ മാറ്റം വന്നിട്ടുണ്ട്. വൈകീട്ട് 19.10ന് പകരം 20.50നാണ് ട്രെയിൻ യാത്ര തിരിക്കുക.

മറ്റ് ട്രെയിൻ സര്‍വീസുകളിലെ മാറ്റങ്ങള്‍ ചുവടെ

ജൂലൈ 8, 9 തീയതികളിലെ 20691 താംബരം - നാഗര്‍കോവില്‍ അന്ത്യോദയ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും.
ജൂലൈ 26നുള്ള നാഗര്‍കോവില്‍ - കോട്ടയം എക്‌സ്പ്രസ് (16366) ചങ്ങനാശേരിയില്‍ യാത്ര അവസാനിപ്പിക്കും.
ജൂലൈ 25ന് ചെന്നൈയില്‍ നിന്നും പുറപ്പെടുന്ന തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് (12695) കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കും.
ജൂലൈ 26നുള്ള മധുര-ഗുരുവായൂര്‍ എക്‌സ്പ്രസ് (16327) കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.
ജൂലൈ 9നുള്ള നാഗര്‍കോവില്‍ - താംബരം അന്ത്യോദയ സൂപ്പര്‍ഫാസ്റ്റ് (20692) തിരുനെല്‍വേലിയില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുക.
ജൂലൈ 27നുള്ള ഗുരുവായൂര്‍-മധുര എക്‌സ്പ്രസ് (16328) കോട്ടയത്ത് നിന്നായിരിക്കും സർവീസ് ആരംഭിക്കുക.

Post a Comment

0 Comments