കൊച്ചി : എറണാകുളം പോണേക്കരയിലെ തട്ടിക്കൊണ്ടുപോകല്‍ പരാതി പിൻവലിച്ച് കുട്ടികളുടെ കുടുംബം. കുട്ടികള്‍ക്ക് മിഠായി നല്‍കിയത് വാത്സല്യം കൊണ്ടാണെന്ന് ഒമാൻ സ്വദേശികളായ ദമ്പതികള്‍ പോലീസില്‍ മൊഴി നല്‍കി.
റീലിന് വേണ്ടി മൊബൈലില്‍ പകർത്തിയ വീഡിയോയും തെളിവായി കൈമാറി. കുട്ടികളുടെ അമ്മയെ സത്യാവസ്ഥ ബോധ്യപ്പെടുത്തിയെന്ന് പോലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകുന്നേരം ഇടപ്പള്ളി പോണേക്കരയില്‍ അഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്ന പരാതിയിലായിരുന്നു വലിയ 'ട്വിസ്റ്റ്' സംഭവിച്ചത്. വീടിന് സമീപത്തുള്ള ട്യൂഷൻ സെന്ററിലേക്ക് നടന്നു പോകുന്നതിനിടെയാണ് പെണ്‍കുട്ടികള്‍ക്ക് നേരെ കാറിലെത്തിയവർ മിഠായി നീട്ടിയത്. എന്നാല്‍ ഭയന്ന കുട്ടികള്‍ നേരെ ട്യൂഷൻ സെന്ററിലേക്ക് ഓടിക്കയറി. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്ന് ഭയന്ന് പോലീസില്‍ പരാതിയും നല്‍കി. കാറിന്റെ സിസിടിവി ദൃസ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നടന്നത് തട്ടിക്കൊണ്ടുപോകല്‍ ശ്രമം അല്ലെന്നും ആശയക്കുഴപ്പം ആയിരുന്നുവെന്നും കണ്ടെത്തിയത്.
വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ ഒമാൻ സ്വദേശികളായ ദമ്പതികളും മകളും കുട്ടികളെ കണ്ട് കാർ നിർത്തുകയും മിഠായി നല്‍കുകയായിരുന്നു. ഇത് റീലായി ഇവർ ഫോണില്‍ പകർത്തുകയും ചെയ്തു. അപരിചിതരെ കണ്ട് ഭയന്നാണ് കുട്ടികള്‍ ഓടിപ്പോയതെന്ന് പോലീസ് പറയുന്നു. ഒമാൻ സ്വദേശികളെയും പരാതിക്കാരായ കുട്ടികളുടെ കുടുംബത്തെയും സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതോടെയാണ് പരാതി പിൻവലിച്ചത്.
0 Comments