കൊച്ചി: സാധാരണക്കാര്‍ക്ക് ആശ്വാസമേകാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്‌കാരങ്ങള്‍ സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരുകയാണ്.ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ 5 ശതമാനം 18 ശതമാനം എന്നിങ്ങനെ രണ്ട് ലളിതമായ നികുതി നിരക്കുകള്‍ മാത്രമായിരിക്കും ഇനി ഉണ്ടാവുക. ഇതിലൂടെ ബിസ്‌കറ്റ്, സോപ്പ്, ടൂത്ത്‌പേസ്റ്റ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, 5 രൂപയുടെ ബിസ്‌കറ്റ്, 10 രൂപയുടെ സോപ്പ്, 20 രൂപയുടെ ടൂത്ത്‌പേസ്റ്റ് തുടങ്ങിയ ചെറിയ പായ്ക്കറ്റുകളുടെ വില കുറയ്ക്കാന്‍ കമ്ബനികള്‍ക്ക് പദ്ധതിയില്ലെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഉല്‍പ്പന്നങ്ങള്‍ സാധാരണക്കാര്‍ വാങ്ങുന്നവയാണ്. 5 രൂപ, 10 രൂപ, 20 രൂപ എന്നിങ്ങനെയുള്ള ഈ വിലകള്‍ ഉപഭോക്താക്കള്‍ക്ക് പരിചിതമാണ് എന്നതും കമ്ബനികള്‍ പരിഗണിക്കുന്നുണ്ട്.
വിലയില്‍ മാറ്റം വരുത്തുന്നത് ഉപഭോക്താക്കളില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് വ്യവസായ വിദഗ്ധര്‍ പറയുന്നത്. ഉദാഹരണത്തിന്, 10 രൂപയുടെ ഉല്‍പ്പന്നം 9 രൂപയ്ക്ക് വില്‍ക്കുന്നത് ഉപഭോക്താക്കളുടെ ശീലങ്ങളെ ബാധിക്കും. പ്രത്യേകിച്ച് ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ആളുകള്‍ പെട്ടെന്ന് വില നോക്കി സാധനങ്ങള്‍ വാങ്ങാന്‍ ഇഷ്ടപ്പെടുന്ന സാഹചര്യത്തില്‍.
അതേ വിലയ്ക്ക് കൂടുതല്‍ ഉല്‍പ്പന്നം
ജിഎസ്ടിയിലെ കുറവ് കൈമാറുന്നത് ഇങ്ങനെയായിരിക്കും. വില കുറയ്ക്കുന്നതിനു പകരം അതേ വിലയ്ക്ക് കൂടുതല്‍ ഉല്‍പ്പന്നം നല്‍കാനാണ് കമ്ബനികളുടെ തീരുമാനം. അതായത്, 20 രൂപയുടെ ചിപ്‌സ് അല്ലെങ്കില്‍ ബിസ്‌കറ്റ് പാക്കറ്റില്‍ ഇനി കൂടുതല്‍ അളവ് ഉണ്ടാകും. ഇത് വഴിയായിരിക്കും ജിഎസ്ടി കുറച്ചതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. വിലയില്‍ മാറ്റം വരുത്താതെ തന്നെ നികുതിയിളവിന്റെ ഗുണം ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ഈ രീതി സഹായിക്കും. ചെറിയ പായ്ക്കറ്റുകളിലെ ഉല്‍പ്പന്നത്തിന്റെ അളവ് കൂട്ടി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഉല്‍പ്പന്നം അതേ വിലയ്ക്ക് നല്‍കും.
0 Comments