കവിത.
I
എൻ്റെ തിരുവോണമേ ,
നിറങ്ങളിൽ നിറഞ്ഞ്
തീരെ ഒച്ചയില്ലാതെ
കുറെ പൂക്കൾ
ഓർമ്മകളിൽ കൈവെച്ച്
ഒരാഘോഷം പ്രഖ്യാപിക്കുന്നു,
പൂത്തറ
അവരുടെ നിലപാടുതറയാവുന്നു
ഓണം
പൂക്കളുടെ മാമാങ്കവും.
പൂക്കുടകളിൽ
ചാറി വീഴുന്ന ചിങ്ങമഴ
പ്രാചീനമായൊരു ഗാനാർച്ചനയാൽ
അതാഘോഷിക്കുമ്പോൾ
തുമ്പയുടെ ചുണ്ടുകളതേറ്റു ചൊല്ലുമ്പോൾ
എൻ്റെ തിരുവോണമേ
നിൻ്റെ വെളിച്ചത്തിൽ
ഞാനെന്നെയറിയുന്നു.
II
എൻ്റെ തിരുവോണമേ
ഓർമ്മകൾ ഉള്ളവൻ്റെ
അത്താണിയാണ് ഓണം
ജീവിതത്തിൽ എവിടെ സ്വയം നഷ്ടപ്പെട്ടാലും
കുട്ടിക്കാലത്ത്
പൂക്കൾ തന്ന ഓർമ്മകൾ മറന്നു പോകില്ല.
ഒറ്റപ്പെട്ടവൻ
തളിർത്ത് പൂവിടുന്ന നാളാണ് തിരുവോണം
അവൻ്റെ പൂക്കളിലേക്ക്
വിരുന്നു വരുന്ന ശലഭങ്ങളാണ് ബന്ധുക്കളും കൂട്ടുകാരും!
മുനീർ അഗ്രഗാമി
കവി.
l
0 Comments