എന്‍എച്ച്‌ 66ല്‍ 13 ടോള്‍ പ്ലാസകള്‍; നിരക്കുകള്‍ ഉടന്‍ പ്രഖ്യാപിക്കും, ആദ്യ ടോള്‍ പ്ലാസ ഈയാഴ്ച തുറക്കും.



                                                                                               
                                                                                                                                                             

കൊച്ചി: കേരളത്തിലുടനീളമുള്ള 644 കിലോമീറ്റര്‍ എന്‍എച്ച്‌66 പാതയുടെ ആറ് വരിയാക്കല്‍ ജോലികളില്‍ പകുതിയിലധികവും അടുത്ത വര്‍ഷം മാര്‍ച്ചോടെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷ.ഏകദേശം 145 കിലോമീറ്റര്‍ വരുന്ന നാല് പ്രധാന പാതകള്‍ ഈ വര്‍ഷം അവസാനത്തോടെ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍ വേഗത്തിലുള്ള യാത്രയ്ക്ക് ചെലവ് ഉയരാന്‍ സാധ്യതയുണ്ട്.

മുഴുവന്‍ ജോലിയും    പൂർത്തിയാകുമ്പോൾ എന്‍എച്ച്‌ 66ല്‍ സംസ്ഥാനത്ത് ആകെ 13 ടോള്‍ പ്ലാസകള്‍ വന്നേക്കും. 11 ടോള്‍ പ്ലാസയുടെ കാര്യത്തില്‍ തീരുമാനം അന്തിമമായിട്ടുണ്ട്. രണ്ടെണ്ണം കൂടി പരിഗണനയിലാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുതിയ പ്ലാസകളില്‍ ആദ്യത്തേത് പന്തീരങ്കാവിലെ
മാമ്പുഴപ്പാലത്ത്  ഈ ആഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. ആലപ്പുഴയിലെ കൃപാസനത്തിന് സമീപമുള്ള എരമല്ലൂര്‍ (അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ), (തുറവൂര്‍-പറവൂര്‍ സ്‌ട്രെച്ച്‌), ഓച്ചിറ (പറവൂര്‍-കൊട്ടുകുളങ്ങര) എന്നിവിടങ്ങളിലാണ് മൂന്ന് ടോള്‍ ബൂത്തുകള്‍ വരുന്നത്. ടോള്‍ നിരക്കുകള്‍ തീരുമാനിക്കുന്നത് സംബന്ധിച്ച്‌ അന്തിമ ഘട്ടത്തിലാണ്. അതേസമയം ഹൈവേയില്‍ തിരുവല്ലം, കുമ്ബളം, തിരുവങ്ങാട് എന്നിവിടങ്ങളിലുള്ള നിലവിലുള്ള ടോള്‍ പ്ലാസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഡിസംബറില്‍ ആരംഭിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന നാല് റീച്ചുകളില്‍, യുഎല്‍സിസിഎസ് നിര്‍മ്മിക്കുന്ന കാസര്‍കോടിലെ 39 കിലോമീറ്റര്‍ തലപ്പാടി-ചെങ്കള സ്‌ട്രെച്ച്‌ ഇതിനകം ഗതാഗതത്തിനായി തുറന്നുകൊടുത്തു കഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകാന്‍ സാധ്യതയുള്ള മറ്റ് മൂന്ന് റീച്ചുകള്‍ രാമനാട്ടുകര-വളാഞ്ചേരി, വളാഞ്ചേരി-കാപ്പിരിക്കാട്, വെങ്ങളം-രാമനാട്ടുകര ജംഗ്ഷന്‍ എന്നിവയാണ്. രാമനാട്ടുകര-വളാഞ്ചേരി റീച്ചില്‍ 39.68 കിലോമീറ്റര്‍ ആണ് വരുന്നത്. ഇവിടെ 99.36 ശതമാനം പണിയും പൂര്‍ത്തിയായി. വളാഞ്ചേരി-കാപ്പിരിക്കാട് റീച്ചില്‍ 37.35 കിലോമീറ്റര്‍ ആണ് വരുന്നത്. 98.65 ശതമാനം ജോലികളും പൂര്‍ത്തിയായി. വെങ്ങളം-രാമനാട്ടുകര ജംഗ്ഷന്‍ റീച്ചില്‍ 28.4 കിലോമീറ്റര്‍ ആണ് വരുന്നത്. 80 ശതമാനം പണിയും പൂര്‍ത്തിയായി. ചെങ്കള മുതല്‍ നീലേശ്വരം വരെയും, നീലേശ്വരം മുതല്‍ തളിപ്പറമ്ബ് വരെയും, തളിക്കുളം മുതല്‍ കൊടുങ്ങല്ലൂര്‍ വരെയും ഉള്‍പ്പെടെ 202 കിലോമീറ്റര്‍ വരുന്ന മറ്റ് ആറ് റീച്ചുകളുടെ വീതി കൂട്ടല്‍ ജോലികള്‍ 2026 മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്നും പ്രതീക്ഷിക്കുന്നു.

കടപ്പാട് : ഓൺലൈൻ.

Post a Comment

0 Comments