2024 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണ ജൂറി അധ്യക്ഷനായി നടനും സംവിധായകനും ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവുമായ പ്രകാശ് രാജിനെ നിയോഗിച്ചു. നടന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ അഞ്ച് ദേശീയപുരസ്‌കാരങ്ങള്‍ നേടിയ പ്രകാശ് രാജ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാഞ്ചീവരം എന്ന ചിത്രത്തിലൂടെ 2007 ല്‍ നടനുള്ള ദേശീയ അവാര്‍ഡ് നേടി. സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍പേഴ്സണ്‍മാരായിരിക്കും. ഇരുവരും അന്തിമ ജൂറിയില്‍ അംഗങ്ങളാണ്.
കവിയും ഗാനരചയിതാവുമായി വിജയരാജമല്ലിക പ്രാഥമിക ജൂറികളിലൊന്നില്‍ അംഗമാണ്. ചരിത്രത്തിലാദ്യമായാണ് ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തില്‍നിന്നൊരാള്‍ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയജൂറി അംഗമാകുന്നത്. അന്തിമ ജൂറിയില്‍ ഡബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി, ഗായിക ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരും അംഗങ്ങളാണ്. ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്രനിരൂപകന്‍ മധു ഇറവങ്കരയാണ് രചനാവിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍. 128 സിനിമകളാണ് അവാര്‍ഡിന് സമര്‍പ്പിച്ചിട്ടുള്ളത് ഇന്ന് ജൂറി സ്‌ക്രീനിങ് ആരംഭിക്കും.
0 Comments