ഇനി അതിദരിദ്രരില്ലാത്ത ജില്ല; ചരിത്ര നേട്ടത്തിലേക്ക് ചുവടുവെച്ച് കോഴിക്കോട്.




6,773 കുടുംബങ്ങളെയാണ് ജില്ലയില്‍ അതിദാരിദ്ര്യമുക്തമാക്കിയത്.

കോഴിക്കോട് : അതിദരിദ്രരില്ലാത്ത ജില്ലയെന്ന ചരിത്രനേട്ടത്തിലേക്ക് ചുവടുവെച്ച് കോഴിക്കോട്. നവംബര്‍ ഒന്നിന് കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം കണ്ടത്. ഒക്‌ടോബര്‍ 28ന് രാവിലെ 10.30ന് കോഴിക്കോട് എസ്.കെ പൊറ്റക്കാട് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അതിദാരിദ്ര്യമുക്ത ജില്ല പ്രഖ്യാപനം നിര്‍വഹിക്കും.

2021-22ല്‍ ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സര്‍വേ നടത്തിയപ്പോള്‍ 6,773 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയിരുന്നത്. ഇവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയുമെല്ലാം സഹായത്തോടെ ആവശ്യമായ ഭക്ഷണവും ആരോഗ്യ പരിരക്ഷയും വരുമാന സംരംഭങ്ങളും സുരക്ഷിതമായ പാര്‍പ്പിടവും ഒരുക്കിയാണ് ലക്ഷ്യത്തിലേക്ക് മുന്നേറിയത്. 1,816 കുടുംബങ്ങള്‍ക്ക് ഭക്ഷണവും 4,775 പേര്‍ക്ക് മരുന്നും 579 കുടുംബങ്ങള്‍ക്ക് പാലിയേറ്റീവ് പരിചരണവും 73 പേര്‍ക്ക് ആരോഗ്യ സഹായ ഉപകരണങ്ങളും 513 കുടുംബങ്ങള്‍ക്ക് വരുമാനവും 2,050 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടവും ഒരുക്കി. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെല്ലാം ഇതിനകം അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. 

നവംബര്‍ ഒന്നിന് വൈകിട്ട് നാലിനാണ് കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുക. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തും. സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത അതിദരിദ്രരായ 64,006 കുടുംബങ്ങളെയാണ് സര്‍വേയില്‍ കണ്ടെത്തിയിരുന്നത്.

Post a Comment

0 Comments