ചികില്‍സാ നിരക്ക് ഇംഗ്ലീഷിലും മലയാളത്തിലും ആശുപത്രികളില്‍ പ്രദര്‍ശിപ്പിക്കണം;ഹൈകോടതി.





കൊച്ചി: സ്വകാര്യ ആശുപത്രികള്‍ക്ക് സുപ്രധാന മാര്‍ഗ നിര്‍ദേശവുമായി ഹൈക്കോടതി. പണമില്ലാത്തതിന്റെ പേരില്‍ രോഗികള്‍ക്ക് ചികില്‍സ നിഷേധിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ചികില്‍സാ നിരക്ക് ഇംഗ്ലീഷിലും മലയാളത്തിലും ആശുപത്രികളില്‍ പ്രദര്‍ശിപ്പിക്കണം. ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ചികില്‍സയുടെ വിവരങ്ങള്‍ രോഗികള്‍ക്ക് കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഡോക്ടര്‍മാരുടെ വിവരങ്ങളും, ചികില്‍സാ ചെലവിന്റെ വിവരങ്ങളും പ്രദര്‍ശിപ്പിക്കണമെന്നും പണമില്ലാത്ത അവസ്ഥയില്‍ ചികില്‍സ നിഷേധിക്കരുതെന്നും സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരേ സ്വകാര്യ ആശുപത്രികളുടെ മാനേജുമെന്റും ഐഎംഎയും ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീല്‍ ഹൈക്കോടതി തള്ളി. രേഖകളില്ലെങ്കിലും രോഗിയ്ക്ക് ചികില്‍സ നിഷേധിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തുടര്‍ ചികില്‍സ ആവശ്യമായി വന്നാല്‍ ആശുപത്രി മാറ്റാം. അതിന്റെ ഉത്തരവാദിത്തം ആദ്യം ചികില്‍സ തേടുന്ന ആശുപത്രിയ്ക്കുണ്ടെന്നും ഹൈക്കോടതി ഓര്‍മപ്പെടുത്തി. സ്വകാര്യ ആശുപത്രികളില്‍ പരാതി പരിഹാര ഡെസ്‌ക് രൂപീകരിക്കണമെന്നും ഡെസ്‌കില്‍ വന്ന പരാതികള്‍ ഏഴു ദിവസത്തിനുള്ളില്‍ പരിശോധിച്ച് നടപടിയെടുക്കണം. നടപടിയെടുക്കാന്‍ കഴിയാത്ത പരാതികളുണ്ടെങ്കില്‍ അത് ഡിഎംഒയ്ക്ക് കൈമാറണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു

Post a Comment

0 Comments