Header Ads Widget

Responsive Advertisement

ന്യൂസ് വീക്ക്. കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന വാർത്തകൾ.




♾️
നാല് ഇന്ത്യക്കാരുള്‍പ്പെടെ 22 പേരുമായി നേപ്പാളില്‍നിന്ന് പറന്നുയര്‍ന്ന വിമാനം കാണാതായി. പാഖാറയില്‍ നിന്ന് ജോംസോമിലേയ്ക്ക് യാത്ര തിരിച്ച വിമാനമാണ് പ്രതികൂല കാലാവസ്ഥയ്ക്കിടയില്‍ കാണാതായത്. പ്രാദേശിക വിമാനക്കമ്പനിയുടെ ചെറിയ വിമാനം തകര്‍ന്നു വീണെന്നു കരുതപ്പെടുന്ന സ്ഥലം പിന്നിട് നേപ്പാള്‍ ആര്‍മി ഹെലികോപ്റ്റര്‍ കണ്ടെത്തിയതായായി രാജ്യത്തെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

♾️
"നല്ല ഭക്ഷണം നാടിന്‍റെ അവകാശം" എന്ന കാമ്പയിനിന്‍റെ ഭാഗമായി ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാന്‍ പാടില്ല. ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങളിലേക്ക് നയിക്കും.ഹോട്ടലുകളില്‍ ഉപയോഗിച്ച എണ്ണ സംസ്‌കരിച്ച്‌ വീണ്ടും ഉപയോഗിക്കുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഉപയോഗിച്ച പഴകിയ എണ്ണ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

♾️
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ബിജു മേനോനും ജോജു ജോര്‍ജും രേവതിയും മികച്ച നടീനടന്മാര്‍. ആര്‍.കെ. കൃഷാന്ദിന്റെ 'ആവാസവ്യൂഹം' മികച്ച സിനിമ. ദിലീഷ് പോത്തനാണു മികച്ച സംവിധായകന്‍. മന്ത്രി സജി ചെറിയാനാണു അവാർഡുകൾ പ്രഖ്യാപിച്ചത്. 'ആര്‍ക്കറിയാം' എന്ന സിനിമയിലെ അഭിനയത്തിന് ബിജു മേനോനും 'നായാട്ട്', 'മധുരം', 'ഫ്രീഡം ഫൈറ്റ്' എന്നീ ചിത്രങ്ങളിലൂടെ ജോജു ജോര്‍ജും മികച്ച നടന്മാരായും 'ഭൂതകാല'ത്തിലൂടെ രേവതി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

♾️
ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയും കുടുംബവും സഞ്ചരിക്കുമ്പോൾ അപകടത്തിൽ പെട്ട ഹെലികോപ്റ്റർ വിൽപ്പനയ്‌ക്ക്. ഒരു വർഷം മുൻപാണ് യൂസഫലി സഞ്ചരിച്ച് ഹെലികോപ്റ്റർ കൊച്ചി പനങ്ങാട്ടെ ചതുപ്പിൽ ഇടിച്ചിറക്കിയത്.ഇറ്റാലിയൻ കമ്പനിയായ അഗസ്റ്റ വെസ്റ്റ്‌ലൻഡിന്റെ 109 എസ്.പി ഹെലികോപ്റ്ററാണ് ആഗോള ടെണ്ടർ വിളിച്ച് വിൽക്കാനൊരുങ്ങുന്നത്. ഇൻഷുറൻസ് നഷ്ടപരിഹാരം തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ വിറ്റൊഴിവാക്കൽ.

♾️
നാണ്യപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് സ്വര്‍ണശേഖരം വര്‍ധിപ്പിക്കുന്നു. സുരക്ഷിത മൂലധനമെന്ന നിലയിലാണ് കൂടുതല്‍ സ്വര്‍ണം വാങ്ങാനുള്ള റിസര്‍വ് ബാങ്കിന്റെ നീക്കം. ഈ സാമ്പത്തിക വര്‍ഷത്തില്‍ സ്വര്‍ണം വാങ്ങുന്നത്  65 ടണ്ണായാണ് ഉയര്‍ത്തുന്നത്. 2020 ജൂണിനും 2021 മാര്‍ച്ചിനും ഇടയിലുള്ള ഒമ്പതു മാസം 33.9 ടണ്‍ സ്വര്‍ണമാണ് ആര്‍ബിഐ വാങ്ങിയത്. ആര്‍ബിഐയുടെ സ്വര്‍ണ നിക്ഷേപത്തിന്റെ മൂല്യം 30 ശതമാനം ഉയര്‍ന്ന് 3.22 ലക്ഷം കോടി രൂപയായി.

Post a Comment

0 Comments