സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവ കർഷകന് സരോജിനി ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന അക്ഷയശ്രീ പുരസ്കാരത്തിന് കോഴിക്കോട് ജില്ലയിൽ നിന്നും കെ.വി.വേലായുധൻ നായരെ തിരഞ്ഞെടുത്തു. ഓഗസ്റ്റിൽ ആലപ്പുഴയിൽ നടക്കുന്ന കാർഷിക സംഗമത്തിൽ അവാർഡ് വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ട്രസ്റ്റി പ്രഫ. എസ്. രാമാനന്ദ്, അവാർഡ് സമിതി കൺവീനർ കെ.വി ദയാൽ, ഡോ കെ.എൻ. ജയചന്ദ്രബാബു, ബി. രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈഫ് ലോങ്ങ് ഡിപ്പാർട്മെന്റിൽ നിന്ന് ഓർഗാനിക്ക് ഫാർമിങ് സർട്ടിഫിക്കറ്റ് കോഴ്സ് പാസ്സായ ഇദ്ദേഹം 5 വർഷത്തോളമായി ജൈവകൃഷിയിൽ കപ്പ, കാച്ചിൽ, കൂർക്ക, ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങു വിളകളും വെണ്ട, പയർ, പാവയ്ക്കാ, വഴുതിന, വെള്ളരി, മത്തൻ, ചീര തുടങ്ങിയ പച്ചക്കറികളും, തെങ്ങ് കവുങ്ങ്, മഞ്ഞൾ കൃഷിയും തന്റെ കൃഷിയിടത്തിൽ ചെയ്‌തു വരുന്നു. നല്ലഭൂമി കർഷക കൂട്ടായ്മയിൽ സംഘമായും മൂന്നു ഏക്കർ സ്ഥലത്ത് എള്ളൂകൃഷിയും കിഴങ്ങുവിളകൾ, മഞ്ഞൾ കൃഷിയും ചെയ്തിട്ടുണ്ട്.സ്വന്തമായുള്ള പശുവിൻ ചാണകവും ഗോമൂത്രവും, ജൈവ രീതിയിൽ കൃഷിയിടത്തിൽ ഉണ്ടാക്കുന്ന ജീവാമൃതം, കുനപ്പജലവുമാണ് കൃഷിയിടത്തിൽ വളമായി ഉപയോഗിക്കുന്നത്. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഭാരതീയ പ്രകൃതി കൃഷി കൺവീനർ, നന്മിണ്ട ഗ്രാമപഞ്ചായത്ത് അഗ്രിക്കൾച്ചർ വർക്കിംഗ് കമ്മറ്റി മെമ്പർ,കൃഷിയും സംസ്കാരവും വളർത്തുന്നതിന് വേണ്ടിയുള്ള സംസ്ഥാന കൃഷി സംഘടനയായ സമഗ്രയുടെ ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. നന്മിണ്ട ഗ്രാമപഞ്ചായത്ത് 2021-2022 വർഷത്തെ മികച്ച ജൈവ കർഷകൻ അവാർഡും മറ്റു പ്രാദേശിക അവാർഡുകളും ലഭിച്ചിട്ടുണ്ട്.അക്ഷയശ്രീജില്ലാതലത്തിൽ മികച്ച ജൈവ കർഷകർക്കുള്ള 50000/-രൂപയും ഉപഹാരവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
നൻമണ്ട പഞ്ചായത്ത് ചീക്കിലോട് സ്വദേശിയാണ് കിഴക്കെ വളപ്പിൽ വേലായുധൻ നായർ.
0 Comments