Header Ads

 


പ്ലസ് വൺ മൂന്നാം അലോട്മെന്റിനു ശേഷം താൽക്കാലിക ബാച്ച് നൽകും: മന്ത്രി വി.ശിവൻകുട്ടി.







പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ടു വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു മന്ത്രി വി.ശിവൻകുട്ടി. മൂന്നാം ഘട്ട അലോട്മെന്റ് കഴിയുമ്പോഴേ ചിത്രം വ്യക്തമാവൂ എന്നും അതിനു ശേഷം താലൂക്ക്–പഞ്ചായത്ത് തല പരിശോധനകൾ നടത്തി ആവശ്യമായ മേഖലകളിൽ താൽക്കാലിക അധിക ബാച്ചുകൾ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ രണ്ട് അലോട്മെന്റുകളിലായി 2,22,377 പേർ പ്രവേശനം നേടിയിട്ടുണ്ട്. മൂന്നാം അലോട്മെന്റിൽ 84,794 സീറ്റുകളിൽ കൂടി പ്രവേശനം ഉണ്ടാകും. സ്പോർട്സ് ക്വോട്ടയിൽ 3,841 സീറ്റുകൾ ബാക്കിയുണ്ട്. ആദ്യ ഘട്ടത്തിലെ 3 അലോട്മെന്റുകളിലായി 3,11,012 പേർ പ്രവേശനം നേടുമെന്നാണു കണക്കാക്കുന്നത്. കൂടാതെ എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ടയിൽ 23,914 സീറ്റുകളും മാനേജ്‌മെന്റ് ക്വോട്ടയിൽ 37,995 സീറ്റുകളും അൺ എയ്ഡഡ് ക്വോട്ടയിൽ 54,585 സീറ്റുകളുമുണ്ട്. ആകെ 4,27,506 സീറ്റുകൾ. ഈ വർഷം എസ്എസ്എൽസി ജയിച്ച 4,17,944 പേരും പ്ലസ് വണിന് പ്രവേശനം നേടിയാലും സീറ്റുകൾ അധികം ഉണ്ടാകും. ഇത് കൂടാതെ വൊക്കേഷനൽ ഹയർ സെക്കൻഡറി, പോളിടെക്നിക്, ഐടിഐ എന്നിവയിൽ 1,04,449 സീറ്റുകളുമുണ്ട്.

പ്ലസ് വണിന് കൂടുതൽ അപേക്ഷകരുള്ള മലപ്പുറത്തെ 81,022 അപേക്ഷകരിൽ 7008 പേർ മറ്റു ജില്ലകളിൽ നിന്നുള്ളവരാണ്. അവിടെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 56,500 സീറ്റും അൺഎയ്ഡഡ് സ്കൂളുകളിൽ 11,286 സീറ്റുകളുമുണ്ട്. ആകെ 67,786 സീറ്റുകൾ. ഇതിനു പുറമേ വിഎച്ച്എസ്ഇയിൽ 2,820 സീറ്റുകളും പോളിടെക്നിക്, ഐടിഐ എന്നിവിടങ്ങളിൽ 6364 സീറ്റുകളുമുണ്ട് . എല്ലാം കൂടി 76,970 സീറ്റുകൾ. ഐടിസി സീറ്റുകളുടെ കണക്ക് കൂടാതെയാണിത്. മലപ്പുറത്ത് ആദ്യ 2 അലോട്മെന്റുകളിൽ ഉൾപ്പെട്ട 4,886 കുട്ടികൾ പ്രവേശനം നേടിയിട്ടില്ല. അത്രയും സീറ്റുകൾ അടുത്ത അലോട്മെന്റിൽ ഒഴിവുള്ള സീറ്റുകളായി പരിഗണിക്കപ്പെടും.
അത്രയും സീറ്റുകൾ അടുത്ത അലോട്മെന്റിൽ ഒഴിവുള്ള സീറ്റുകളായി പരിഗണിക്കപ്പെടും. മൂന്നാം അലോട്മെന്റോടു കൂടി വലിയ വിഭാഗം കുട്ടികൾക്കും പ്രവേശനം ലഭ്യമാകും മന്ത്രി വ്യക്തമാക്കി.

Post a Comment

0 Comments