കോഴിക്കോട് തീരത്തടിഞ്ഞ് മത്തി, വാരിക്കൂട്ടി ജനങ്ങള്‍.





കോഴിക്കോട് :കോഴിക്കോട് തീരത്ത് മത്തിചാകര.പുതിയകടവ് മുതല്‍ ഭട്ട് റോഡ് കടപ്പുറത്താണ് കരയിലേക്ക് വന്‍ തോതില്‍ മത്തി(ചാള) തിരമാലയോടൊപ്പം അടിച്ചു കയറിയത്. ഈ സമയം കടപ്പുറത്ത് കുറച്ച് പേരുണ്ടായിരുന്നു. വിവരമറിഞ്ഞ് അല്‍പ്പസമയത്തിനകം തീരം ആളുകളെക്കൊണ്ട് നിറഞ്ഞു. ആദ്യം കരയിലെ ഒരു ഭാഗത്താണ് മത്തിക്കൂട്ടം എത്തിയത് ശ്രദ്ധയില്‍പെട്ടത്. പിന്നീട് നിമിഷനേരം കൊണ്ടാണ് ഓരോ തിരമാലക്കൊപ്പവും മത്തിക്കൂട്ടം കരയിലേക്ക് ചാകരയായി ഒഴുകിയെത്തിയത്.ഇതോടെ കണ്ടുനിന്നവര്‍ക്കും കൗതുകമായി. ഓരോ തവണ തിരയടിക്കുമ്പോഴും തിരയില്‍ വെള്ളത്തേക്കാള്‍ കൂടുതല്‍ കരയിലെത്തിയത് മത്തിക്കൂട്ടമാണ്. തുടര്‍ന്ന് മത്തികളെ കവറിലാക്കാനുള്ള തിടുക്കമായിരുന്നു എല്ലാവരും. സംഭവമറിഞ്ഞ് നിരവധി പേരാണ് മത്തി പെറുക്കാനായി കടലോരത്തേക്ക് ഓടിയെത്തിയത്. തീരത്തെ തിരക്ക് കണ്ട് അന്വേഷിക്കാന്‍ ഇറങ്ങിയവര്‍ക്കും കൈനിറയെ മത്തി കിട്ടി. പെടയ്ക്കണ മത്തികളെ കവറിലാക്കിയാണ് ആളുകള്‍ മടങ്ങിയത്. കിലോക്കണക്കിന് മീനാണ് തിരമാലയോടൊപ്പം കരയ്ക്കടിഞ്ഞത്. ഇതോടെ ഹാര്‍ബറുകളും സജീവമായി. തീരത്തോട് ചേര്‍ന്ന് ചാകര വന്നതോടെ തോണികളും ചെറിയ വള്ളങ്ങളും സജീവമായി.

Post a Comment

0 Comments