ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് റിസർവേഷനിൽ ഇന്നുമുതൽ നിർണായക മാറ്റം നിലവിൽ വരും. മുമ്പ് 120 ദിവസം മുമ്പ് വരെയുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാമായിരുന്നെങ്കിൽ ഇന്നു മുതൽ മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന സമയപരിധി 60 ദിവസമാണ്. അതേസമയം, വിദേശ വിനോദ സഞ്ചാരികൾക്ക് റിസർവേഷനിൽ നിലവിലുള്ള സമയപരിധി മാറില്ല. വിദേശ വിനോദ സഞ്ചാരികൾക്ക് 365 ദിവസം മുമ്പ് ടിക്കറ്റെടുക്കാമെന്നാണ് നിയമം.
റയിൽവെയുടെ പുതിയ നിയമം അനുസരിച്ച് ഇന്നു മുതൽ 60 ദിവസം (യാത്രാ തീയതി ഒഴികെ) മുമ്പ് വരെ മാത്രമേ ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാൻ സാധിക്കുകയുള്ളൂ. നാലു മാസം മുമ്പ് ബുക്ക് ചെയ്ത ശേഷം യാത്ര അടുക്കുമ്പോൾ ടിക്കറ്റ് റദ്ദാക്കുന്ന പ്രവണത കൂടി വരുന്നതിനാലാണ് നിയമത്തിൽ മാറ്റം വരുത്തുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം.60 ദിവസമെന്ന സമയ പരിധി വരുമ്പോൾ യാത്രകൾ കൃത്യമായി ക്രമീകരിക്കാനാകുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. ട്രെയിനുകളുടെ സമയക്രമത്തിൽ അടക്കം വരുന്ന മാറ്റങ്ങൾ ടിക്കറ്റെടുത്തവരെ പ്രതികൂലമായി ബാധിക്കുന്ന സംഭവങ്ങൾ ഒഴിവാക്കാനാകുമെന്നും റെയിൽവേ അറിയിച്ചിരുന്നു.
0 Comments