മുക്കം : കക്കാട് ആമിന പാറക്കൽ എഴുതി മാതൃഭൂമി ബുക്സ് പസിദ്ധീകരിച്ച ഗ്രാമീണ
ബാല്യത്തിന്റെ പെണ്ണോർമ്മകൾ പറയുന്ന പ്രാദേശിക ചരിത്ര പുസ്തകം കോന്തല കിസ്സകൾ കക്കാടിലെ കൂട്ടം സാംസ്‌കാരിക വേദി തുറന്ന ചർച്ചക്ക് വിധേയമാക്കി. പഴയ തലമുറയുടെ സ്നേഹവായ്പ്പും സാഹോദര്യവും പ്രകൃതിയോട് ചേർന്നുള്ള ജീവിതവും പുതിയ തലമുറ കൂടുതൽ അറിയാൻ ശ്രമിക്കണമെന്നും കോന്തല കിസ്സകൾ പോലെയുള്ള ചരിത്ര പുസ്തക രചയിനയിലൂടെയും പരന്ന വായനയിലൂടെയുമേ ഈ സംവേദനം സാധ്യമാകൂവെന്നും ചർച്ചയിൽ അഭിപ്രായപ്പെട്ടു. ഔപചാരിക വിദ്യാഭ്യാസം ആറാം തരത്തിൽ അവസാനിപ്പിക്കേണ്ടി വന്ന എഴുപത് പിന്നിട്ട എഴുത്തുകാരി ഉമ്മയടക്കമുള്ള വരിൽ നിന്ന് കേട്ടതും തന്റെ ബാല്യകാലത്ത് അക്കാലത്തെ കൊടിയ പട്ടിണി അനുഭവത്തിൽ നിന്നും കോറിയെടുത്ത ഓർമകളാണ് കോന്തല കിസ്സ പറയുന്നത്.
മുതിർന്ന അധ്യാപകനും സാംസ്‌കാരിക പ്രവർത്തകനുമായ എം.പി അസൈൻ മാസ്റ്റർ ചർച്ചയ്ക്ക് തുടക്കം കുറിച്ച് പുസ്തകം അവതരിപ്പിച്ചു. കക്കാട് കെ.പി.ആർ സ്മാരക വായനശാല പ്രസിഡന്റ് മഞ്ചറ അഹമ്മദ് കുട്ടി മാസ്റ്റർ ആധ്യക്ഷത വഹിച്ചു. ഹോംസിനിമ സംവിധായകനും തിരക്കഥാകൃത്തുമായ സലാം കൊടിയത്തൂർ, പ്രഭാഷകൻ നാസർ കൊളായി, വിദ്യാരംഗം ജില്ലാ സമിതി അംഗം ജി. അബ്ദുറഷീദ്, കലാ സാംസ്‌കാരിക പ്രവർത്തകൻ സലീം വലിയ പറമ്പ്, വിചാരം മുക്കം സാരഥി ജി.അബ്ദുൽ അക്ബർ എന്നിവർ പുസ്തകത്തിന്റെ വിവിധ തലങ്ങളെ സംബന്ധിച്ച് സംസാരിച്ചു.
എഴുത്തുകാരി ആമിന പാറക്കൽ തന്റെ എഴുത്തനുഭവങ്ങൾ പങ്കുവെച്ചു. പി.സാദിഖലി മാസ്റ്റർ, ജാസിം തോട്ടത്തിൽ, ഷൈജൽ നാരങ്ങാളി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ടി.റിയാസ് സ്വാഗതവും നൗഷാദ് ടി.പി ഖത്തർ നന്ദിയും പറഞ്ഞു.
......................................................................
0 Comments