Header Ads

 


കൂമുള്ളിയിൽ വരവർണ്ണവിസ്മയമൊരുക്കി വനിതാവേദി.




അത്തോളി : കൂമുള്ളി ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല ഹാളിൽ വനിതാവേദി കൂമുള്ളി സംഘടിപ്പിച്ച 'വർണ്ണലയം 24'
കുട്ടികൾക്കുള്ള ചിത്രരചനാമത്സരം ശ്രദ്ധേയമായി. 


എൽ കെ ജി, യു കെ ജി, എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗത്തു നിന്നും ഇരുന്നൂറിലധികം കുട്ടികളാണ് ചിത്രം വരയാൻ എത്തിയത്.




വിഷയം കൊടുക്കാതെ കുട്ടികളുടെ ഭാവനയ്‌ക്ക് അനുസരിച്ചു ചിത്രം വരയ്ക്കുകയായിരുന്നു.
കലാമൂല്യവും, ഭാവിവാഗ്ദാനമാവുമെന്ന് അടയാളപ്പെടുത്തുന്ന ചിത്രങ്ങളാണ് ഭൂരിപക്ഷം കുട്ടികളും വരച്ചത്.ലോഗോ പുരസ്‌കാരജേതാവും ചിത്രകാരനുമായ അനീഷ് പുത്തഞ്ചേരി മത്സരം നിയന്ത്രിച്ചു.



രാവിലെ 9 മണിക്ക് ആരംഭിച്ച പരിപാടിയിൽ 
വനിതാവേദി പ്രസിഡന്റ് സ്മിത ഒ കെ അധ്യക്ഷത വഹിച്ചു.
പ്രശസ്ത ചിത്രകാരൻ ജോഷി പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. അത്തോളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ബിന്ദുരാജൻ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ ബൈജു കൂമുള്ളി,ഹരിത, സബിത സി കെ എന്നിവർ ആശംസകൾ നേർന്നു. പല്ലവി, ഹിമ മധുപാൽ, ജ്യോതിക എസ് ആർ എന്നിവർ പ്രാർത്ഥന ചൊല്ലി.  വനിതാവേദി സെക്രട്ടറി ഷാക്കിറ കെ സ്വാഗതവും, വിനീത നന്ദിയും പറഞ്ഞു.



തിരക്കുപിടിച്ച പാച്ചിലുകൾക്കിടയിൽ സമയം കണ്ടെത്തി, രക്ഷിതാക്കളും വായനശാലഹാളിൽ എത്തിയപ്പോൾ മത്സരത്തിന് കൊഴുപ്പേറി. ഹാളിനകം കുട്ടികളേയും മുതിർന്നവരെയും കൊണ്ട് നിറഞ്ഞു.വരച്ചു തുടങ്ങുന്നവരും, മത്സരങ്ങളിൽ പങ്കെടുത്തു പരിചയമുള്ളവരുമായ കുട്ടികൾ ഹാളിലെത്തിയിരുന്നു.



കൂമുള്ളിയിൽ വിത്യസ്തമായ പരിപാടികൾ നടത്തി നാടിനകത്ത് വനിതാവേദിയുടെ പേര് അടയാളപ്പെടുത്തിയ ഒരു കൂട്ടം യുവതികളുണ്ട്. അവരുടെ ഉണർവും പ്രവർത്തനവുമാണ് വനിതാവേദിയെ സമ്പന്നമാക്കുന്നത്. സ്മിത ഒ കെ, ഷാക്കിറ, വിനീത, ഹരിത, പ്രിയ, സിനു, ജിഷിത, ജെഷി, രബിഷ, രമ, സബിത.
നിരന്തരമുണ്ടാവുന്ന ചലനങ്ങളാണ് നാളത്തെ നാടിന് ഊർജ്ജമാകുന്നത്. കൂമുള്ളിയിൽ വസന്തമൊരുക്കാൻ വനിതാവേദി പൂന്തോട്ടം പണിയുകയാണ്.
------------------------------
എഴുത്ത് : ബിജു ടി ആർ പുത്തഞ്ചേരി

Post a Comment

0 Comments