'മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി....' ഡിസംബർ 5 മോനിഷയുടെ ഓർമ്മദിനം.



മലബാറിന്റെ സാംസ്ക്കാരിക 
കളിത്തൊട്ടിലായ കോഴിക്കോട് നഗരത്തിലെ  ടൗൺ ഹാളിൽ ഒരു നൃത്ത പരിപാടി നടക്കുന്നു. 
പ്രശസ്ത സാഹിത്യകാരനായ 
എം .ടി. വാസുദേവൻനായരായിരുന്നു 
ആ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തത്. 

ബാംഗ്ലൂരിൽ സ്ഥിര താമസമാക്കിയ ഒരു മലയാളി കുടുംബത്തിൽ നിന്നുള്ള  പെൺകുട്ടിയുടെ നൃത്തം സദസ്സിനെ അക്ഷരാർത്ഥത്തിൽ  ഇളക്കിമറിച്ചെന്നു മാത്രമല്ല 
എം.ടി. യുടെ ഭാര്യ കലാമണ്ഡലം സരസ്വതി  അദ്ദേഹം തിരക്കഥയെഴുതുന്ന പുതിയ ചിത്രത്തിലെ  നായിക ഈ പെൺകുട്ടി ആയാൽ നന്നായിരിക്കും എന്ന് ഒരു അഭിപ്രായം കൂടി പറയുകയുണ്ടായി.

അങ്ങനെയാണ് ഹരിഹരൻ സംവിധാനം ചെയ്ത "നഖക്ഷതങ്ങൾ " എന്ന ചിത്രത്തിലെ നായികയായി "മോനിഷ " എന്ന പതിനഞ്ചുകാരി മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്.

 "നഖക്ഷതങ്ങൾ " മലയാള ചലച്ചിത്ര വേദിയിൽ ഒരു പുതിയ ചരിത്രം സൃഷ്ടിച്ചുവെന്നു മാത്രമല്ല 1987-ലെ ഏറ്റവും നല്ല നടിക്കുള്ള ദേശീയ പുരസ്ക്കാരം  ഈ കൊച്ചു പെൺകുട്ടിക്ക് നേടിക്കൊടുക്കുകയും ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളത്തിലെ മുൻനിര നായികമാരുടെ ഇടയിലായി m മോനിഷയുടെ സ്ഥാനം .

 പക്ഷേ വിധിയുടെ കരാള ഹസ്തങ്ങൾ ആ സൗഭാഗ്യങ്ങളെ തട്ടിത്തെറിപ്പിക്കുകയായിരുന്നു .
 1992 ഡിസംബർ 5-ാം തീയതി ജി.എസ്. വിജയന്റെ
 "ചെപ്പടിവിദ്യ "എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ നിന്നും ബാംഗ്ലൂരിലേക്ക് തിരിച്ച മോനിഷയുടെ കാർ 
 ചേർത്തലയിൽ വെച്ച് 
 കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിച്ച് കേരളത്തിന്റെ പൊന്നോമനയായി മാറിയ ഈ കൊച്ചു കലാകാരി മരണത്തിന്റെ ഗുഹാമുഖങ്ങളിൽ ഞെരിഞ്ഞമർന്നു.

നഖക്ഷതങ്ങൾ മോനിഷയ്ക്കു മാത്രമല്ല  കേരളത്തിന്റെ വാനമ്പാടിയായ കെ എസ് ചിത്രയ്ക്കും മികച്ച പിന്നണി  ഗായികയ്ക്കുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്തു .

 "മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി ...."

എന്ന മനോഹര ഗാനത്തിന്റെ മാസ്മരികത മോനിഷയുടെ മുഖശ്രീയിലൂടെ അഭ്രപാളികളിൽ മിന്നിമറഞ്ഞപ്പോൾ അത് കേരളക്കരയെ മുഴുവൻ കൃഷ്ണ ഭക്തിയിലാറാടിപ്പിക്കുകയുണ്ടായി .

മലയാളികൾക്ക് മറക്കാനാവാത്ത ബോംബെ രവി സംഗീതം കൊടുത്ത ഈ ചിത്രത്തിലെ

  "നീരാടുവാൻ നിളയിൽ നീരാടുവാൻ ... 

എന്ന ഗാനത്തിലും മോനിഷ പ്രത്യക്ഷപ്പെടുന്നുണ്ട്..
മോഹൻലാൽ നായകനായി അഭിനയിച്ച കമലദളത്തിലെ 
"ആനന്ദനടനം ആടിനാൻ ..."
 " പ്രേമോദാരനായി 
അണയൂ നാഥാ .... "
 ഋതുഭേദത്തിലെ 
 "ഋതു സംക്രമ പക്ഷി പാടി ...." എന്നീ ഗാനങ്ങളൊക്കെ ഇടക്കിടെ ചാനലുകളിൽ പ്രത്യക്ഷപ്പെടുമ്പോൾ മലയാള സിനിമയുടെ 
 നൊമ്പരത്തിപ്പൂവായി മാറിയ മോനിഷയുടെ ഗ്രാമീണ നൈർമ്മല്യം നിറഞ്ഞ
 മുഖം ഹൃദയ വേദനയോടെയാണെങ്കിലും കേരളം  ഓർക്കാതിരിക്കില്ല. 

 ഇന്ന് ഡിസംബർ 5 .
 വിധിയുടെ നഖക്ഷതങ്ങൾ ഏറ്റുവാങ്ങിയ ഒരു യഥാർത്ഥ കലാകാരിയായിരുന്ന മോനിഷയുടെ ഓർമ്മദിനം .... 
 പ്രണാമം...

എഴുത്ത് :സതീഷ് കുമാർ

Post a Comment

0 Comments