കൊയിലാണ്ടി :കൊയിലാണ്ടി നിയോജക മണ്ഡലം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കാനത്തിൽ ജമീല എംഎൽഎ യുടെ നേതൃത്വത്തിൽ ജനറേഷൻ യുണൈറ്റഡ് (തലമുറകളുടെ സംവാദം ) എന്ന പേരിൽ മണ്ഡലത്തിലെ ഹയർ സെക്കണ്ടറി സ്കൂളുകളിൽ തലമുറകളുടെ സംവാദം സംഘടിപ്പിക്കുന്നു.
സംസ്കാരവും സാഹിത്യവും തലമുറയിൽ നിന്നും തലമുറകളിലേക്ക് കൈമാറേണ്ടതിന്ടെ ആവശ്യത്തെ ചൂണ്ടികാട്ടുന്നതാണ് പദ്ധതി.പരിപാടിയുടെ നിയോജക മണ്ഡല തല ഉദ്ഘാടനം കൊയിലാണ്ടി ഗവ. വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഡിസംബർ 3 ന് ചൊവ്വ കാലത്ത് 10.30 ന് നടക്കും. സംവാദം 3 മണിക്കൂർ നീണ്ടുനിൽക്കും. വിവിധ തീമുകൾ കേന്ദ്രീകരിച്ച് അഞ്ച് ഗ്രൂപ്പുകൾ പാനൽ ചർച്ച രൂപത്തിലാണ് പരിപാടി നടക്കുക.
ഖാദർ കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മാറുന്ന വിദ്യാഭ്യാസ സംവിധാനത്തെപ്പറ്റി അവബോധം ഉണ്ടാക്കാൻ നിയോജക മണ്ഡലം തല വിദ്യാഭ്യാസ സെമിനാർ അടുത്ത മാസം സംഘടിപ്പിക്കും. കൗമാരപ്രായത്തിലുള്ള കുട്ടികൾക്ക് ലൈഫ് സ്കിൽ ട്രെയിനിങ്, ലഹരി വിരുദ്ധ ജാഗ്രതാ ബ്രിഗേഡുകൾ, സംസ്ഥാന തല ഗണിതശിൽപശാല , എഡ്യുക്കേഷനൽ എക്സ്പൊ എന്നിവയും തുടർന്നുള്ള മാസങ്ങളിൽ നടക്കും.
പത്ര സമ്മേളനത്തിൽ കാനത്തിൽ ജമീല എം.എൽ.എ , നെസ്റ്റ് ജനറൽ സെക്രട്ടറി ടി.കെ. യൂനുസ്, പ്രിൻസിപ്പാൾ എൻ.വി.പ്രദീപ്കുമാർ, മണ്ഡലം വിദ്യാഭ്യാസ പദ്ധതി കോർഡിനേറ്റർ എം.ജി. ബൽരാജ് എന്നിവർ പങ്കെടുത്തു.
0 Comments